മുള്ളൻ പന്നിയെ അടിച്ചുകൊന്നു; വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസെടുത്തു

  1. Home
  2. Kerala

മുള്ളൻ പന്നിയെ അടിച്ചുകൊന്നു; വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസെടുത്തു

sasi


സംരക്ഷിത ജീവി പട്ടികയിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസെടുത്തു. വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിൽ കയറിയ മുള്ളൻ പന്നിയെ മരപ്പട്ടിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്നുവെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിലും ബന്ധപ്പെട്ട വീട്ടിലും എത്തി പരിശോധന നടത്തി.

വീട്ടിൽ മുള്ളൻ പന്നി കയറിയതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും വനംവകുപ്പിനെ വിവരം അറിയിച്ച് കാത്തിരിക്കുകയായിരുന്നു. എന്നാൽ സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പ്രകോപനമില്ലാതെ ജീവിയെ അടിച്ചു കൊല്ലുകയായിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. നിരവധി ക്രിമിനൽ കേസുകളിൽ നേരത്തെയും പ്രതിയായ വെള്ളനാട് ശശി വീണ്ടും വിവാദത്തിലായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

നേരത്തെ പഞ്ചായത്ത് സെക്രട്ടറി സിന്ധുവിനെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട സംഭവത്തിലും ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അന്ന് സെക്രട്ടറി ഓഫീസിനുള്ളിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും വലിയ വാർത്തയായിരുന്നു. കൂടാതെ, ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ തട്ടുകടയിൽ കയറി സ്ത്രീകളെയും കുട്ടിയെയും ആക്രമിച്ച പരാതിയിലും ഇദ്ദേഹം അറസ്റ്റിലായിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഗൗരവകരമായ കുറ്റമാണ് ഇപ്പോൾ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.