ഹൈക്കമാൻഡ് തീരുമാനം സ്വാഗതാർഹം; മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കുമെന്ന് മുസ്‍ലിം ലീഗ്

  1. Home
  2. Kerala

ഹൈക്കമാൻഡ് തീരുമാനം സ്വാഗതാർഹം; മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കുമെന്ന് മുസ്‍ലിം ലീഗ്

panakkad


വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നതായി മുസ്‍ലിം ലീഗ്. കോൺഗ്രസ് കൈക്കൊണ്ടത് ഉചിതമായ തീരുമാനമാണെന്നും സതീശന് ലീഗിന്റെ എല്ലാവിധ ആശംസകളും പിന്തുണയും ഉണ്ടാകുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മികച്ച ഭരണം കാഴ്ചവെക്കാൻ സതീശന് സാധിക്കുമെന്ന് സാദിഖലി തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു. സതീശൻ എപ്പോഴും ഉയർത്തിപ്പിടിക്കുന്ന 'ടീം യുഡിഎഫ്' എന്ന സങ്കല്പം തന്നെയാകും അടുത്ത അഞ്ച് വർഷം കേരളത്തെ നയിക്കുക. ഹൈക്കമാൻഡ് എല്ലാ ജനാധിപത്യ വശങ്ങളും പരിശോധിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. പ്രഖ്യാപനത്തിന് മുന്നോടിയായി ഘടകകക്ഷികളുടെ അഭിപ്രായം തേടാൻ ഒന്നിലധികം തവണ കോൺഗ്രസ് നേതൃത്വം ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ജനവികാരം മാനിച്ചുകൊണ്ടുള്ള തീരുമാനമാണ് കോൺഗ്രസിന്റേതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വൈകിട്ട് ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും. മുസ്‍ലിം ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ഇതോടെ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ വരും മണിക്കൂറുകളിൽ സജീവമാകും.