'ലീഗിനെ വിമർശിച്ചിട്ടില്ല, മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു'; വിശദീകരണവുമായി മാത്യു കുഴൽനാടൻ

  1. Home
  2. Kerala

'ലീഗിനെ വിമർശിച്ചിട്ടില്ല, മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു'; വിശദീകരണവുമായി മാത്യു കുഴൽനാടൻ

mathew


മുസ്‌ലിം ലീഗിനെതിരെ താൻ നടത്തിയ പരാമർശങ്ങളിൽ യൂത്ത് ലീഗ് പ്രതിഷേധം ശക്തമാക്കിയതോടെ വിശദീകരണവുമായി മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്ത്. ലീഗിനെ താൻ വിമർശിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നുമാണ് കുഴൽനാടന്റെ വിശദീകരണം. ഇതുസംബന്ധിച്ച് അദ്ദേഹം ലീഗ് നേതാക്കളുമായി നേരിട്ട് സംസാരിച്ച് അനുനയ നീക്കങ്ങൾ ആരംഭിച്ചു.

മുസ്‌ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെയാകണമെന്നുമുള്ള കുഴൽനാടന്റെ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ വി.ഡി സതീശനെ ലീഗ് പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുഴൽനാടന്റെ പരാമർശം. ഇതിൽ പ്രതിഷേധിച്ച് കണ്ണൂർ ഇരിക്കൂറിലും മൂവാറ്റുപുഴയിലും യൂത്ത് ലീഗ് പ്രവർത്തകർ മാത്യു കുഴൽനാടനെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർത്തുകയും കോലം കത്തിക്കുകയും ചെയ്തിരുന്നു.

'കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട' എന്നും 'പട നയിച്ചവർ ഭരിക്കട്ടെ' എന്നും ഇരിക്കൂറിൽ സ്ഥാപിച്ച ഫ്ലക്സിൽ രൂക്ഷമായ ഭാഷയിൽ എഴുതിയിരുന്നു. മൂവാറ്റുപുഴയിൽ പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, വി.ഡി സതീശൻ എന്നിവർക്കൊപ്പം ഉണ്ടായിരുന്ന കുഴൽനാടന്റെ ചിത്രം ഫ്ലക്സിൽ നിന്ന് വെട്ടിമാറ്റിയാണ് പ്രതിഷേധം നടന്നത്. യു.ഡി.എഫിലെ പ്രമുഖ കക്ഷികൾക്കിടയിൽ ഈ പ്രസ്താവന വിള്ളൽ വീഴ്ത്താൻ സാധ്യതയുള്ളതിനാലാണ് അദ്ദേഹം ഉടൻ വിശദീകരണവുമായി രംഗത്തെത്തിയത്.