ഭൂരിപക്ഷവും ഔദ്യോഗിക കാറിന്റെ നമ്പറും ഒന്നുതന്നെ; കൗതുകം പങ്കുവെച്ച് മന്ത്രി ഒ.ജെ. ജനീഷ്
മന്ത്രി ഒ.ജെ. ജനീഷിനെ തേടി സർപ്രൈസുകളുടെ ഘോഷയാത്രയാണ്. അപ്രതീക്ഷിതമായി മന്ത്രിപദവിയിലെത്തിയ ജനീഷിന് ഇപ്പോൾ ഔദ്യോഗികമായി അനുവദിച്ച കാറിലും ഒരു അപൂർവ്വ കൗതുകം ഒളിച്ചിരിക്കുന്നുണ്ട്. വാഹനം കൈപ്പറ്റുമ്പോൾ നമ്പർ അത്ര ശ്രദ്ധിച്ചിരുന്നില്ലെങ്കിലും വീട്ടിലെത്തിയപ്പോഴാണ് ആ കൗതുകം മന്ത്രിയും കുടുംബവും തിരിച്ചറിയുന്നത്. കെ.എൽ. 01 സി.ബി 8308 (KL 01 CB 8308) ആണ് മന്ത്രിക്ക് ലഭിച്ച പുതിയ ഇന്നോവ ക്രിസ്റ്റയുടെ നമ്പർ.
ഇടത് കോട്ടയായ കൊടുങ്ങല്ലൂരിൽ നിന്ന് ജനീഷ് ജയിച്ചുകയറിയത് എത്ര വോട്ടിന്റെ ഭൂരിപക്ഷത്തിലാണോ, കൃത്യം അതുതന്നെയാണ് ഈ വാഹനത്തിന്റെ നമ്പറും! 8,308 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജനീഷ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായി നിയമസഭയിൽ എത്തിയതും, തൊട്ടുപിന്നാലെ അപ്രതീക്ഷിതമായി മന്ത്രിസ്ഥാനം ലഭിച്ചതും, ഇപ്പോൾ ഭൂരിപക്ഷത്തിന്റെ അതേ നമ്പറിലുള്ള വണ്ടി കൈവന്നതുമെല്ലാം തനിക്ക് വലിയ സർപ്രൈസ് ആണെന്ന് മന്ത്രി പറയുന്നു. ഈ നമ്പർ താൻ ചോദിച്ചു വാങ്ങിയതല്ലെന്നും തികച്ചും യാദൃശ്ചികമായി ലഭിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടിൽ നിന്ന് നിരവധി സുഹൃത്തുക്കളും വോട്ടർമാരും ഈ നമ്പർ കണ്ട് തനിക്ക് സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സച്ചിന്റെയും മെസ്സിയുടെയും പത്താം നമ്പർ!
സംസ്ഥാന മന്ത്രിസഭയിലെ 10-ാം നമ്പർ വാഹനമാണ് ജനീഷിന് ലഭിച്ചിരിക്കുന്നത്. ഭൂരിപക്ഷത്തിന് പുറമെ ഈ പത്താം നമ്പറിനും മറ്റൊരു പ്രത്യേകതയുണ്ടെന്ന് സ്പോർട്സിനെ നെഞ്ചിലേറ്റുന്ന മന്ത്രി പറയുന്നു. സച്ചിൻ ടെണ്ടുൽക്കറുടെയും ലയണൽ മെസ്സിയുടെയും ഒക്കെ ഇഷ്ട നമ്പരായ പത്തിൽ യാത്ര ചെയ്യാൻ ഏതൊരു കായികപ്രേമിയെയും പോലെ തനിക്കും വലിയ ആഗ്രഹമുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിൽ നിന്ന് താൽക്കാലികമായാണ് നിലവിൽ ഈ വാഹനം അനുവദിച്ചിരിക്കുന്നത്. എന്നാൽ ഈ അപൂർവ്വ കൗതുകം ശ്രദ്ധയിൽപ്പെട്ടതോടെ, ഈ വണ്ടി ഇനി വിട്ടുകളയാൻ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് മന്ത്രി ഒ.ജെ. ജനീഷ്.
