ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുടുക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ ആളെ തിരിച്ചറിഞ്ഞു

  1. Home
  2. Kerala

ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുടുക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ ആളെ തിരിച്ചറിഞ്ഞു

SHEELA


വ്യാജ എൽ.എസ്.ഡി. കേസിൽ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ കുടുക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ ആളെ കണ്ടെത്തി കേസിൽ പ്രതി ചേർത്തു. ഷീലാ സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശിയായ നാരായണദാസാണ് വിവരം നൽകിയതെന്നാണ് കണ്ടെത്തൽ. അന്വേഷണസംഘം തലവനായ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എം. മജു ആണ് ഇക്കഴിഞ്ഞ 31-ന് തൃശൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. 

വിദേശ നമ്പറിൽനിന്നാണ് എക്‌സൈസിന് ഫോൺ വന്നത് എന്നതിനാൽ വിവരം നൽകിയ ആളെ കണ്ടെത്തുന്നത് ശ്രമകരമായിരുന്നു. ഇദ്ദേഹത്തിന് ബെംഗളൂരുവിൽ ബിസിനസ് ബന്ധങ്ങളുണ്ടെന്നാണ് വിവരം. യുവതിയും ബെംഗളൂരുവിലാണ് താമസം. കേസന്വേഷണത്തിന്റെ തുടക്കത്തിൽത്തന്നെ സംശയനിഴലിലായിരുന്ന യുവതിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇദ്ദേഹത്തിലേക്കെത്തിച്ചത്. യുവതിയെ നേരത്തേ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നെങ്കിലും നിരപരാധിയാണെന്ന് ആവർത്തിക്കുകയാണുണ്ടായത്. എന്നാൽ, യുവതിയുടെ തൃപ്പൂണിത്തുറയിലെ സ്വകാര്യബാങ്കിലെ നിക്ഷേപം സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്.

യുവതിയുമായി അടുത്ത സൗഹൃദമാണ് ഇപ്പോൾ പ്രതി ചേർക്കപ്പെട്ടയാൾക്കുള്ളത്. ഇരിങ്ങാലക്കുട എക്‌സൈസ് ഇൻസ്‌പെക്ടറെ ഫോണിൽ വിളിച്ചാണ് ഇദ്ദേഹം വിവരം കൈമാറിയത്. ഷീല സണ്ണി അറസ്റ്റിൽ ആകുന്നതിന്റെ തലേദിവസം നാരായണദാസ് ചാലക്കുടിയിൽ ഉണ്ടായിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട് നാരായണദാസ് ചാലക്കുടിയിൽ ഉണ്ടായിരുന്നു എന്ന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് ഇദ്ദേഹം ഇതുവരെ കൈപ്പറ്റിയിട്ടില്ല. അറസ്റ്റുചെയ്ത് ചോദ്യം ചെയ്യാനുള്ള നടപടിയുമായി അന്വേഷണസംഘം മുന്നോട്ടു പോകും. സംഭവം നടന്ന് ഒരു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കിയിരിക്കേയാണ് കേസിലെ നിർണായക വിവരങ്ങൾ ലഭിക്കുന്നത്.