വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് നടപ്പിലാക്കാൻ ശ്രമിച്ച വൻ കൊള്ള; മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകിയ അഴിമതി, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

  1. Home
  2. Kerala

വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് നടപ്പിലാക്കാൻ ശ്രമിച്ച വൻ കൊള്ള; മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകിയ അഴിമതി, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

pinarayi vijayan


സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവർകട്ട് ഭീതിയിലാഴ്ത്തി നടപ്പിലാക്കാൻ ശ്രമിച്ച വൻ കൊള്ളയാണ് ജി.എൻ.എ (GNA) കരാർ റദ്ദാക്കലിലൂടെ സ്ഥിരീകരിക്കപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന പ്രതിപക്ഷ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായും ക്രമക്കേടുകൾ തുറന്നുകാട്ടിയപ്പോൾ മാത്രമാണ് സർക്കാർ പിന്നാക്കം പോയതെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ഇ.ബിയുടെ എതിർപ്പുകൾ മറികടന്നും ടെൻഡർ നടപടികളില്ലാതെയും സ്വകാര്യ ഇടനില പ്ലാറ്റ്‌ഫോമിന് ഉയർന്ന നിരക്കിൽ കരാർ നൽകാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതിയാണെന്ന് പിണറായി കുറ്റപ്പെടുത്തി. വകുപ്പ് മന്ത്രിപോലും കാര്യങ്ങൾ പത്രവാർത്തകളിലൂടെ അറിയേണ്ടിവന്ന സാഹചര്യം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകർന്നതിന് തെളിവാണ്. ഒക്ടോബറിൽ ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ വി.ഇ.എൻ. ഗ്ലോബൽ കമ്പനിയിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയതിലും ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

അഴിമതി കൈയോടെ പിടിക്കപ്പെട്ടപ്പോൾ ഉദ്യോഗസ്ഥരെ ബലിയാടാക്കി ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ച് വൻ അഴിമതിക്ക് കളമൊരുക്കിയതിലെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണെന്ന് പുറത്തുവരണമെന്നും, മുഖ്യമന്ത്രിയുടെ പങ്ക് ഉൾപ്പെടെ സമഗ്രമായി പരിശോധിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.