'ഒരുമിച്ച് നിൽക്കുക എന്നതാണ് ഓണത്തിന്റെ സന്ദേശം'; ആശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

  1. Home
  2. Kerala

'ഒരുമിച്ച് നിൽക്കുക എന്നതാണ് ഓണത്തിന്റെ സന്ദേശം'; ആശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

vd satheesan


ലോകത്താകമാനമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജാതി-മത ചിന്തകൾക്കതീതമായി എല്ലാ മലയാളികളുടെയും ആഘോഷമാണ് ഓണം. അതിജീവനത്തിന് പ്രേരണ നൽകുകയും ആത്മവിശ്വാസം പകരുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് നൽകുകയും ചെയ്യുന്നതാണ് ഓരോ ഓണാഘോഷങ്ങളുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു.

പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ പൂർണമായി മാറിയിട്ടില്ലെങ്കിലും, അവയെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവും ആഘോഷങ്ങളിലൂടെ നേടാൻ കഴിയണം. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ തിരുവോണം സന്തോഷവും മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തും പകരുന്നതാകട്ടെ. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വളർത്തി ഭിന്നിപ്പുണ്ടാക്കി അതിൽനിന്ന് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവർ നിലനിൽക്കുന്ന കാലമാണിത്. ജാതി-മത വ്യത്യാസങ്ങൾ മറന്ന് മലയാളികൾ ഒറ്റക്കെട്ടായി നിൽക്കണം. 'ഒരുമിച്ച് നിൽക്കുക എന്നതാണ് ഓണത്തിന്റെ സന്ദേശം' എന്നും മുഖ്യമന്ത്രി സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.