വീട്ടമ്മയെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു
വയനാട് മേപ്പാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു. വനപാലകരും പ്രത്യേക സംഘവും ചേർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്.നാൽപ്പത്തിയഞ്ച് അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തിരിക്കുന്നത്. രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് നിരീക്ഷണം നടത്തുന്നത്പ്രദേശത്തിൻറെ ഭൂഘടന ദൗത്യം ശ്രമകരമാക്കുന്നുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി.
പ്രദേശത്തിന്റെ ഒരു ഭാഗം കുന്നും മറ്റൊരു ഭാഗം താഴ്വാരവുമാണ്. ഈ ഭൂപ്രകൃതിയിൽ മയക്കുവെടി വെക്കുക എന്നത് ഏറെ ശ്രമകരമാണ്. മാത്രവുമല്ല പ്രദേശത്ത് നിരവധി കാട്ടാനകൾ ഒരുമിച്ച് തമ്പടിച്ചിരിക്കുന്നതിനാൽ ആക്രമണം നടത്തിയ കാട്ടാനയെ തിരിച്ചറിയുന്നതിലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അനുയോജ്യമായ അവസരം ലഭിച്ചാൽ മാത്രമേ മയക്കുവെടി പ്രയോഗിക്കാൻ കഴിയുകയുള്ളൂ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ജോലിക്ക് പോകുന്നതിനിടെ പുത്തുമല സ്വദേശികളായ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഭാര്യ ജെസ്സി കൊല്ലപ്പെട്ടു. ഭർത്താവ് ഷാജി പരിക്കേറ്റ് ചികിത്സയിലാണ്.സംഭവത്തെ തുടർന്ന് മേപ്പാടി ടൗണിൽ ശക്തമായ പ്രതിഷേധം നടന്നിരുന്നു. വനം വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ചേർത്ത് 14 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് സൗത്ത് ഡി എഫ് ഒ അറിയിച്ചിരുന്നു. പ്രതിഷേധത്തിന് പിന്നാലെ 30 ലക്ഷം രൂപ നഷ്ടപരിഹാരത്തിനു വേണ്ട ശിപാർശ നൽകുമെന്നും കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടുമെന്നുമാണ് ഡി എഫ് ഒ പ്രതിഷേധക്കാരോട് പറഞ്ഞത്.
