വാണിയപ്പാറ കല്ലറയിലെ ദുരൂഹതകൾ നീങ്ങി; പരിശോധനയിൽ കണ്ടെത്തിയത് പള്ളിരേഖകളിലെ രണ്ട് മൃതദേഹങ്ങൾ മാത്രം

  1. Home
  2. Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹതകൾ നീങ്ങി; പരിശോധനയിൽ കണ്ടെത്തിയത് പള്ളിരേഖകളിലെ രണ്ട് മൃതദേഹങ്ങൾ മാത്രം

kannur


കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ 38-ാം നമ്പർ കല്ലറയുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹതകൾക്കും ആശങ്കകൾക്കും വിരാമം. റവന്യൂ, പോലീസ്, ഫോറൻസിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു. പള്ളിയുടെ ഔദ്യോഗിക രേഖകളിൽ പറയുന്ന പ്രകാരം 2006-ലും 2015-ലുമായി അടക്കം ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമാണ് കല്ലറയിലുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ 13-നാണ് നാടകീയമായ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. പള്ളിയിലെ 38-ാം നമ്പർ കല്ലറയിൽ പുതിയൊരു മൃതദേഹം കൂടി സംസ്‌കരിക്കുന്നതിനായി സ്ലാബ് മാറ്റിയപ്പോൾ, ഉള്ളിൽ അസ്വാഭാവികമായ രീതിയിൽ മറ്റൊരു ശവപ്പെട്ടി കൂടി അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. എന്നാൽ, 2015-ൽ അടക്കം ചെയ്ത ജയിംസ് എന്നയാളുടെ ശവപ്പെട്ടി ദ്രവിച്ചുപോവുകയും, അതിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ പുറത്തേക്ക് വരികയും ചെയ്തതാണ് പുതിയൊരു മൃതദേഹം കൂടിയുണ്ടെന്ന സംശയത്തിന് ഇടയാക്കിയതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. പള്ളി രേഖകൾ പ്രകാരം 2006-ൽ അടക്കം ചെയ്ത മറിയക്കുട്ടി, 2015-ൽ അടക്കം ചെയ്ത ജയിംസ് എന്നിവരുടെ മൃതദേഹങ്ങൾ മാത്രമാണ് ഈ കല്ലറയിലുള്ളത്.

കല്ലറയിൽ ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടെന്ന സംശയം ഉയർന്നതോടെ പള്ളി വികാരിയും വിശ്വാസികളും പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സെമിത്തേരിക്ക് ചുറ്റും ടാർപോളിൻ കെട്ടി മറച്ച് പോലീസ് കാവൽ ഏർപ്പെടുത്തി. തലശ്ശേരി ആർ.ഡി.ഒ, പേരാവൂർ ഡി.വൈ.എസ്.പി, ഫോറൻസിക് വിദഗ്ധർ, പോലീസ് സർജൻ എന്നിവരടങ്ങിയ പ്രത്യേക സംഘം ഒൻപത് സാക്ഷികളുടെ സാന്നിധ്യത്തിലാണ് കല്ലറ തുറന്ന് പരിശോധിച്ചത്. വിശദമായ പരിശോധനയിൽ പുറത്തുനിന്നുള്ള യാതൊരു അവശിഷ്ടങ്ങളും ഇതിലില്ലെന്ന് ഉറപ്പാക്കിയതോടെ ദിവസങ്ങളായി നാട്ടിൽ നിലനിന്നിരുന്ന വലിയൊരു ആശങ്കയ്ക്കാണ് വിരാമമായത്.