തദ്ദേശ വോട്ടർ പട്ടികയിൽ പേര് ചേർക്കാം; സെപ്റ്റംബർ 28 വരെ അവസരമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമീഷൻ

  1. Home
  2. Kerala

തദ്ദേശ വോട്ടർ പട്ടികയിൽ പേര് ചേർക്കാം; സെപ്റ്റംബർ 28 വരെ അവസരമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമീഷൻ

Election


കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കുവാൻ ഈ മാസം 28 വരെ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ. 2023 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുള്ളത്.
വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും, ഒഴിവാക്കുന്നതിനും, തിരുത്തലുകൾ വരുത്തുന്നതിനും കമീഷൻ വെബ്സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിക്കും. വ്യക്തികൾക്ക് സിറ്റിസൺ രജിസ്ട്രേഷൻ മുഖേനയും അക്ഷയ ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി രജിസ്ട്രേഷൻ മുഖേനയും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക അനുസരിച്ച് 941 ഗ്രാമ പഞ്ചായത്തുകളിലായി 2,15,63,916 ഉം 87 ഗരസഭകളിലായി 36,51,931 ഉം ആറ് കോർപ്പറേഷനുകളിലായി 24,54,689 ഉം വോട്ടർമാരുണ്ട്.
കരട് വോട്ടർ പട്ടിക പ്രകാരം കോഴിക്കോട് ഒളവണ്ണയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 25491 പുരുഷൻമാരും, 26833 സ്ത്രീകളും, രണ്ട് ട്രാൻസ്ജൻഡറും അടക്കം ആകെ 52326 വോട്ടർമാരാണ് ഇവിടെയുള്ളത്. 1,32,641 പേരുള്ള ആലപ്പുഴയാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മുനിസിപ്പാലിറ്റി. ഇവിടെ 63,009 പുരുഷൻമാരും, 69,630 സ്ത്രീകളും, രണ്ട് ട്രാൻസ്ജൻഡർ വോട്ടർമാരുമാണുള്ളത്.
കോർപ്പറേഷൻ വിഭാഗത്തിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 3,85,231 പുരുഷൻമാർ, 4,18,540 സ്ത്രീകൾ, എട്ട് ട്രാൻസ്ജൻഡർ എന്നിങ്ങനെ 8,03,779 വോട്ടർമാരാണ് ഇവിടെയുള്ളത്. ഇടമലക്കുടി (ഇടുക്കി), കൂത്താട്ടുകുളം (ഏറണാകുളം), കണ്ണൂർ എന്നിവയാണ് ഗ്രാമ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ വിഭാഗത്തിൽ ഏറ്റവും കുറവ് വോട്ടർമാരുള്ളത്.