വഞ്ചനയുടെ ഫലമാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; സ്വരാജിന് ക്ലീൻ ഇമേജ്' - മുഖ്യമന്ത്രി പിണറായി വിജയൻ

  1. Home
  2. Kerala

വഞ്ചനയുടെ ഫലമാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; സ്വരാജിന് ക്ലീൻ ഇമേജ്' - മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi vijayan


നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഒരു വലിയ രാഷ്ട്രീയ വഞ്ചനയുടെ ഫലമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ എം. എൽ. എ പി.വി.അൻവറിനെ പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. നിലമ്പൂരിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

എൽഡിഎഫ് സ്ഥാനാർത്ഥിയായി എം. സ്വരാജിനെ പ്രഖ്യാപിച്ചതിനുശേഷം, മണ്ഡലതലത്തിൽ മാത്രമല്ല, സംസ്ഥാനതലത്തിലും വലിയ സ്വീകരണമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. ''സ്വരാജ് ഒരു ക്ലീൻ ഇമേജ് ഉള്ള നേതാവാണ്. ആരുടെ മുന്നിലും തല ഉയർത്തി വോട്ട് ചോദിക്കാൻ കഴിയുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന് ഉള്ളത്,'' അദ്ദേഹം പറഞ്ഞു.

നിലമ്പൂർ ഒരു ചരിത്രമുൾക്കൊള്ളുന്ന മണ്ണാണെന്നും, വാരിയംകുന്നൻ, സഖാവ് കുഞ്ഞാലി എന്നിവരുടെ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഭൂമിയാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ''അതുപോലെ തന്നെ വാരിയംകുന്നനെ പിടികൂടാനായി നടന്ന ചതികൾക്കും ഇതേ മണ്ണാണ് സാക്ഷ്യം വഹിച്ചത്. ഇന്നത്തെ ഉപതിരഞ്ഞെടുപ്പും അത്തരം ഒരു ചതിയുടെ തന്നെ തുടർച്ചയാണ്. എങ്കിലും എൽഡിഎഫ് അതിനെ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്,'' അദ്ദേഹം കൂട്ടിച്ചേർത്തു.

ആളുകളെ പറഞ്ഞ് പറ്റിക്കുന്ന രീതി എൽഡിഎഫിനില്ല എന്നത് ജനങ്ങൾക്ക് അനുഭവമാണ്. വീരപ്പൻ ജീവിച്ചിരിക്കുന്ന കാലത്ത് ഒരു മാധ്യമ പ്രവർത്തകൻ കാണാൻ ചെന്നു. അന്ന് അയാളോട് വീരപ്പൻ ചോദിച്ചു, എന്നെ കുറിച്ച് വാർത്തകൾ ചെയ്യുന്ന നിങ്ങൾ കേരളത്തിൽ ഒരു മന്ത്രി തന്നെ മരംവെട്ടുന്നത് എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ആ കാലത്ത് ആ മന്ത്രിയുടെ സഹായിയായി മരംവെട്ടാൻ അവിടെ ചെന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. ഇത് എൽഡിഎഫിനെ ബാധിക്കില്ല. അതൊന്നും എൽഡിഎഫിന്റെ കാലത്തുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു