'മക്കൾ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ല, സത്യമായ വാർത്ത മാത്രം പുറത്തുവരട്ടെ'; നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയുടെ അമ്മ
നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതി സുഹൈൽ സജീവിന്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ്. വിലപ്പെട്ട മൂന്ന് ജീവനുകളാണ് അപകടത്തിൽ നഷ്ടമായതെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ നൂഹ സജീവ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളെ തങ്ങളാൽ ആവുന്നത്ര പിന്തുണയ്ക്കുമെന്നും കേസിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും അവർ പറഞ്ഞു.
"കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ ഒരമ്മ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും എനിക്ക് പറയാനുള്ളതാണ് ഞാൻ പറയുന്നത്. നഷ്ടപ്പെട്ടത് മൂന്ന് കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനുകളാണ്. അവരുടെ വീട്ടിലെ തീരാദുഃഖം എനിക്കറിയാം. മക്കളെ സ്നേഹത്തോടെ വളർത്തി വലുതാക്കി അവരുടെ സ്വപ്നങ്ങളുമായി മുന്നോട്ടുപോകുമ്പോൾ ഇടയ്ക്ക് വെച്ച് അവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന ചിന്തിക്കാൻ പോലും കഴിയുന്നതിന് അപ്പുറമാണ്. ഒരു കുഞ്ഞിനെ നഷ്ടപ്പെടുമ്പോൾ അമ്മയ്ക്കും അച്ഛനും ഉണ്ടാകുന്ന വേദന മനസിലാകുന്ന വ്യക്തിയാണ് ഞാൻ" - നൂഹ സജീവ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഒട്ടേറെ അസത്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അവർ കൂട്ടിച്ചേർത്തു. "സത്യമായ വാർത്ത മാത്രം പുറത്തുവരട്ടെ. ഈ ദുഷ്കരമായ അവസ്ഥയിൽ കുറച്ച് സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ്. കാരണം ഞങ്ങളും സാധാരണ കുടുംബമാണ്. എന്താണ് പറയേണ്ടത്, എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. ഇത്രയും ദിവസം എനിക്ക് എഴുന്നേറ്റ് ഇരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഒരു അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും ആ കുടുംബങ്ങളോടുള്ള പിന്തുണ അറിയിക്കുന്നു. ഞങ്ങൾ ഉള്ളിടത്തോളം കാലം ആ കുടുംബങ്ങൾക്ക് ഒപ്പമുണ്ടാകും"- നൂഹ സജീവ് വ്യക്തമാക്കി.
