പൊലീസ് തല്ലിച്ചതച്ചു; 50 ലക്ഷം നഷ്ടപരിഹാരം വേണം; മേഘ ഹൈക്കോടതിയില്‍ ഹർജി നൽകി

  1. Home
  2. Kerala

പൊലീസ് തല്ലിച്ചതച്ചു; 50 ലക്ഷം നഷ്ടപരിഹാരം വേണം; മേഘ ഹൈക്കോടതിയില്‍ ഹർജി നൽകി

MEGHA


ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘാ രഞ്ജിത്ത് ഹൈക്കോടതിയില്‍. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി.

പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് മാറി നില്‍ക്കുമ്പോഴാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ ശേഷവും മര്‍ദനം തുടര്‍ന്നെന്നും മേഘ ഹര്‍ജിയില്‍ ആരോപിച്ചു. ആലപ്പുഴ ഡിവൈഎസ്പിയുടേത് അമിതാധികാരപ്രയോഗമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ മേഘ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

യൂത്ത് കോണ്‍ഗ്രസിന്റെ കളക്ട്രേറ്റ് മാര്‍ച്ചിനിടെ തലയ്ക്ക് പുറകിലും കഴുത്തിലുമായാണ് മേഘയ്ക്ക് ലാത്തിയടിയേറ്റത്. കഴുത്തിലെ ഞരമ്പുകള്‍ക്ക് ക്ഷതമേറ്റിരുന്നു. അസ്ഥികള്‍ക്കും സ്ഥാനചലനം സംഭവിച്ചു. കടുത്ത ശ്വാസംമുട്ടലും കഠിനമായ ശരീര വേദനയുമായി മേഘ ആശുപത്രിക്കിടക്കയിലായിട്ട് മാസങ്ങളായി. കായംകുളം രണ്ടാം കുറ്റിയില്‍ ബ്യൂട്ടിപാര്‍ലര്‍, സ്റ്റിച്ചിങ്ങ് യൂണിറ്റ് സംരംഭം നടത്തിയിരുന്നതാണ് മേഘ. ബാങ്ക് വായ്പയെടുത്തും സ്വര്‍ണ്ണം പണയം വച്ചുമാണ് സംരംഭം ആരംഭിച്ചത്. ഇനി പൂര്‍ണ്ണ ആരോഗ്യത്തോടെ ജോലി ചെയ്യാന്‍ കഴിയുമോ എന്ന് പോലും ആശങ്കയിലാണ് മേഘ. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.