ഗവര്‍ണര്‍ വായിച്ചതല്ല, മന്ത്രിസഭ അംഗീകരിച്ചതാണ് നയപ്രഖ്യാപനം; ആര്‍ലേക്കറുടെ ആവശ്യം തള്ളി മുഖ്യമന്ത്രി

  1. Home
  2. Kerala

ഗവര്‍ണര്‍ വായിച്ചതല്ല, മന്ത്രിസഭ അംഗീകരിച്ചതാണ് നയപ്രഖ്യാപനം; ആര്‍ലേക്കറുടെ ആവശ്യം തള്ളി മുഖ്യമന്ത്രി

cm pinarayi vijayan


നിയമസഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വായിച്ച നയപ്രഖ്യാപന പ്രസംഗമല്ല, മറിച്ച് മന്ത്രിസഭ അംഗീകരിച്ച ഔദ്യോഗിക കരടാണ് സഭാരേഖകളില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. താന്‍ വായിച്ച പ്രസംഗം അതേപടി അംഗീകരിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം സഭ തള്ളി. ഭരണഘടനാപരമായ കീഴ്‌വഴക്കങ്ങളും ചട്ടങ്ങളും നിരത്തിയാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഭരണഘടനയുടെ അനുച്ഛേദം 176 പ്രകാരം ഗവര്‍ണര്‍ അവതരിപ്പിക്കുന്നത് 'എന്റെ സര്‍ക്കാരിന്റെ നയങ്ങള്‍' ആണെന്നും, മന്ത്രിസഭ അംഗീകരിച്ച കരടാണ് ഇതിന് ആധാരമെന്നും മുഖ്യമന്ത്രി പറഞ്ഞു. നയപ്രഖ്യാപനത്തില്‍ എന്തെങ്കിലും ഭിന്നാഭിപ്രായമുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് അത് മുഖ്യമന്ത്രിയെ അറിയിക്കാവുന്നതാണ്. എന്നാല്‍ ഇത്തവണ നയപ്രഖ്യാപനത്തിന്റെ കരട് കൈമാറിയപ്പോള്‍ ഗവര്‍ണര്‍ ഇത്തരത്തില്‍ യാതൊരു അഭിപ്രായവും അറിയിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളിലും ഗവര്‍ണര്‍മാര്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കി വായിച്ചിട്ടുണ്ടെങ്കിലും, മന്ത്രിസഭ അംഗീകരിച്ച പ്രസംഗം സഭാരേഖകളുടെ ഭാഗമാകുമെന്ന റൂളിംഗാണ് സ്പീക്കര്‍മാര്‍ നല്‍കാറുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പാര്‍ലമെന്ററി വ്യവസ്ഥയില്‍ മന്ത്രിസഭയുടെ തീരുമാനം തിരുത്തി വായിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ വിവേചനാധികാരങ്ങളെക്കുറിച്ച് സുപ്രീം കോടതിയുടെ വ്യക്തമായ വിധികള്‍ നിലവിലുണ്ട്. ഗവര്‍ണറുടെ ആവശ്യം തള്ളിയതോടെ, ക്യാബിനറ്റ് അംഗീകരിച്ച ഔദ്യോഗിക പ്രസംഗം തന്നെ സഭാരേഖകളില്‍ നിലനില്‍ക്കും. സ്പീക്കര്‍ക്ക് ഗവര്‍ണര്‍ നല്‍കിയ കത്ത് പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.