രാഷ്ട്രപതി അനുമതി നൽകി, എൽ.ഡി.എഫ് കാലത്തെ സ്വകാര്യ സർവകലാശാല ബിൽ അസാധുവായി
മുൻ എൽ.ഡി.എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി. ബിൽ പിൻവലിക്കാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ അംഗീകരിച്ച് രാഷ്ട്രപതി അനുമതി നൽകിയതോടെയാണിത്. സമഗ്രമായ മാറ്റങ്ങളോടെ പുതിയ ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനാണ് പഴയ ബിൽ തിരിച്ചുവിളിച്ചത്.
ബിൽ പിൻവലിക്കുന്നതിനുള്ള പ്രത്യേക പ്രമേയം കഴിഞ്ഞ മാസം 12-നാണ് നിയമസഭ ഐക്യകണ്ഠേന പാസ്സാക്കിയത്. തുടർന്ന് ഗവർണർ മുഖേന പ്രമേയം രാഷ്ട്രപതി ഭവന്റെ അംഗീകാരത്തിനായി അയക്കുകയായിരുന്നു. ഇടത് ഭരണകാലത്ത് സഭ പാസാക്കി അയച്ച ബില്ലിൽ ഇതുവരെ രാഷ്ട്രപതി ഒപ്പുവെച്ചിരുന്നില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പരിഷ്കാരങ്ങൾ ഉൾപ്പെടുത്തി പുതിയ ബിൽ ഉടൻ നിയമസഭയിൽ കൊണ്ടുവരുമെന്ന് യു.ഡി.എഫ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
