നേന്ത്രപ്പഴത്തിന് പൊള്ളുന്ന വില; കിലോയ്ക്ക് 65 രൂപ വരെ
ഓണത്തിന് മുമ്പേ നേന്ത്രപ്പഴത്തിന്റെ വില കുതിക്കുന്നു. വിപണിയിൽ ഒരു കിലോഗ്രാം നേന്ത്രപ്പഴത്തിന് 60 മുതൽ 65 രൂപ വരെയാണ് നിലവിലെ വില. നാല് വർഷത്തിന് ശേഷമാണ് നേന്ത്രപ്പഴത്തിന് ഇത്രയും ഉയർന്ന വില രേഖപ്പെടുത്തുന്നത്.ഓണം അടുക്കുന്നതോടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. കയറ്റുമതി മേഖലയിലെ പ്രതിസന്ധി മൂലം വിപണിയിലെത്തുന്ന നേന്ത്രക്കുലകളുടെ അളവിൽ മാറ്റമുണ്ടായതും വില വർധനയ്ക്ക് കാരണമായതായി വ്യാപാരികൾ പറയുന്നു.
വയനാട്, കർണാടക, തമിഴ്‌നാട് അതിർത്തി മേഖലകളിൽ നിന്നാണ് പ്രധാനമായും വിപണികളിലേക്ക് നേന്ത്രക്കുലകൾ എത്തുന്നത്. നാടുകാണി ചുരം വഴിയാണ് ദിവസവും ലോഡ് കണക്കിന് കുലകൾ മാർക്കറ്റുകളിലെത്തുന്നത്. ഇതിൽ വലിയൊരു പങ്കും ഓണക്കാല ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.
