ലഹരികേസിൽ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടും; നയപ്രഖ്യാപനത്തില്‍ ഗവർണർ
സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ കടുത്ത നടപടികളുമായി വി.ഡി. സതീശൻ സർക്കാർ. ലഹരി കേസുകളിൽ പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന നിർണ്ണായക പ്രഖ്യാപനം ഗവർണർ രാജേന്ദ്ര അർലേക്കർ നിയമസഭയിൽ നടത്തിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ അറിയിച്ചു. കുട്ടികളും യുവാക്കളും ലഹരിയുടെ പിടിയിലാകാതിരിക്കാൻ പ്രത്യേക ജാഗ്രതയും നടപടിയും സ്വീകരിക്കും. എക്സൈസ് വകുപ്പ് നവീകരിക്കുമെന്നും ലഹരി വിരുദ്ധ പോരാട്ടത്തിനായി 'ഓപ്പറേഷൻ തൂഫാൻ' പദ്ധതി നടപ്പാക്കുമെന്നും ഗവർണർ വ്യക്തമാക്കി.
ജവഹർലാൽ നെഹ്‌റുവിന്റെ വചനങ്ങളെ ഉദ്ധരിച്ചാണ് ഗവർണർ തന്റെ പ്രസംഗം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ഗവർണർ, പ്രകടനപത്രികയിലെ 'ഇന്ദിര ഗ്യാരന്റികളുമായി' സർക്കാർ മുന്നോട്ടുപോകുമെന്നും പ്രഖ്യാപിച്ചു. വിവിധ ക്ഷേമ പെൻഷനുകൾ 3000 രൂപയായി ഉയർത്തും. പെൺകുട്ടികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുമെന്ന ചരിത്രപ്രധാനമായ പ്രഖ്യാപനവും നയപ്രഖ്യാപനത്തിലുണ്ട്.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
- കാർഷിക-വ്യാവസായിക മേഖല: കൃഷിക്ക് പരമാവധി പ്രാധാന്യം നൽകും. റബ്ബർ അടക്കമുള്ള വിളകളുടെ താങ്ങുവില ഉയർത്തും. മണ്ണ് പരിശോധനയ്ക്ക് ശാസ്ത്രീയ സംവിധാനവും സുഗന്ധവ്യഞ്ജന മേഖലയ്ക്കായി പ്രത്യേക 'സ്പൈസ് പാർക്കും' സ്ഥാപിക്കും. വ്യവസായ ആവശ്യത്തിന് ഭൂമി കണ്ടെത്താൻ 'ലാൻഡ് ബാങ്ക്' രൂപീകരിക്കും. ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് പ്രത്യേക സഹായം നൽകും.
- ഭൂമിയും പട്ടയവും: നെൽവയൽ-നീർത്തട നിയമം കൂടുതൽ സുതാര്യമാക്കും. പബ്ലിക്-പ്രൈവറ്റ് സഹകരണത്തോടെ പട്ടയ വിതരണം ഉപാധിരഹിതമാക്കും. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണും.
- വികസനവും ടൂറിസവും: ബൈപാസുകൾ നാലുവരിപ്പാതകളാക്കി വികസിപ്പിക്കും. കേരളത്തെ പ്രമുഖ 'പോർട്ട് ഹബ്ബാക്കി' മാറ്റും. തീർത്ഥാടന ടൂറിസം മെച്ചപ്പെടുത്തുന്നതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്രമേള (IFFK) തിരുവനന്തപുരത്തിന് പുറമെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
- വകുപ്പ് പരിഷ്കാരങ്ങൾ: ഐടി വകുപ്പിന്റെ പേര് 'ഐടി ഫ്യൂച്ചർ ടെക്നോളജി' (IT Future Technology) എന്നാക്കി മാറ്റും. വഖഫ് ബോർഡ് ആധുനികവൽക്കരിക്കുകയും വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. സഹകരണ മേഖലയെ പൂർണ്ണമായും അഴിമതിമുക്തമാക്കും.
- കുടിവെള്ള സംരക്ഷണം: ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കും. എല്ലാ പൗരന്മാർക്കും ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി ജലസ്രോതസ്സുകളിലെ മണൽ നീക്കം ചെയ്യും.
