മഴ കനക്കുന്നു; പത്തനംതിട്ട ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

പത്തനംതിട്ട ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവല്ല താലൂക്കിൽ ആറും മല്ലപ്പള്ളി, കോന്നി താലൂക്കുകളിൽ ഒന്നു വീതം ക്യാമ്പുകളാണുള്ളത്. തിരുവല്ല താലൂക്കിൽ തോട്ടപ്പുഴശേരി എംടിഎൽപി സ്‌കൂൾ, കുറ്റപ്പുഴ സെന്റ്‌റ് തോമസ് സ്‌കൂൾ, കുറ്റൂർ സർക്കാർ ഹൈസ്‌കൂൾ, നിരണം സെന്റ് ജോർജ് യുപിഎസ്, കോയിപ്രം കുമ്പനാട് ഗേൾസ് സ്‌കൂൾ, ഇരവിപേരൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് പിആർഡിഎസ് സ്‌കൂൾ, കോന്നി താലൂക്കിൽ തണ്ണിത്തോട് പകൽവീട് എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. നിലവിൽ 40 കുടുംബങ്ങളിലായി 67 പുരുഷന്മാരും 56 സ്ത്രീകളും 17 കുട്ടികളുമുൾപ്പെടെ 140 പേരാണ് ക്യാമ്പിലുള്ളത്.
ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ടു വീടുകൾ പൂർണമായും 197 വീടുകൾ ഭാഗികമായി തകർന്നു. കോഴഞ്ചേരി അടൂർ താലൂക്കുകൾ ആണ് രണ്ടു വീടുകൾ പൂർണമായി തകർന്നത്. തിരുവല്ല 53, റാന്നി 37, അടൂർ 32, കോഴഞ്ചേരി 31, കോന്നി 22, മല്ലപ്പള്ളി 22 എന്നിവിടങ്ങളിലാണ് ഭാഗികമായി വീടുകൾ തകർന്നത്. കെഎസ്ഇബിക്കും കനത്ത നഷ്ടം റിപ്പോർട്ട് ചെയ്തു. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 68.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.മരങ്ങൾ വീണ് 124 ഹൈടെൻഷൻ പോസ്റ്റും 677 ലോടെൻഷൻ പോസ്റ്റും തകർന്നു. 992 ട്രാൻസ്‌ഫോർമറുകളും തകരാറിലായി.