ദേശീയപാത തകർച്ചയ്ക്ക് കാരണം കരാറുകാരന്റെ വീഴ്ച; ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു എൻഎച്ച്എഐ

ദേശീയപാത തകർന്ന സംഭവത്തിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയായാണ് ദേശീയപാതയുടെ തകർച്ചയ്ക്ക് കാരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുതിയ കരാറുകളിൽ നിന്നും നിലവിലെ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
നിർമാണത്തിന് ദൃഡതയില്ലാത്ത മണ്ണാണ് ഉപയോഗിച്ചത്. വെള്ളം കെട്ടിനിന്നതും മണ്ണിന്റെ ഉറപ്പിനെ ബാധിച്ചു. ഡൽഹി ഐഐടിയിലെ പ്രൊഫസറുടെ നേതൃത്വത്തിൽ ഒരു സംഘത്തെ മേൽനോട്ടത്തിന് നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ രണ്ടംഗ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. ഇവരുടെ കൂടി നിർദേശങ്ങൾ പരിഗണിച്ചായിരിക്കും ഇനിയുള്ള നിർമാണ പ്രവർത്തികൾ തുടരുക എന്നും റിപ്പോർട്ടിൽ പറയുന്നു . ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുംമെന്നും അധികൃതർ കോടതിയെ അറിയിച്ചു.
ദേശീയപാത അതോറിറ്റി അധികൃതർ സമയാസമയമുള്ള പരിശോധനകൾ എന്തുക്കൊണ്ട് നടത്തിയില്ലെന്നുള്ള വിഷയത്തിൽ റിപ്പോർട്ടിൽ മതിയായ വിശദീകരണം നൽകിയില്ല . പ്രദേശത്തെ മണ്ണിന്റെ ഉറപ്പിനെയും കരാറുകാരുടെ വീഴ്ചയുമാണ് ദേശീയപാത തകർച്ചക്ക് കാരണമായത് എന്ന രീതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.