ടാർ ചെയ്ത് ഉണങ്ങും മുൻപ് റോഡ് കുത്തിപ്പൊളിച്ചു; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

  1. Home
  2. Kerala

ടാർ ചെയ്ത് ഉണങ്ങും മുൻപ് റോഡ് കുത്തിപ്പൊളിച്ചു; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

WORK


 


ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കിയ വഞ്ചിയൂർ-ആൽത്തറ റോഡിലെ കുത്തിപ്പൊളിച്ച സ്ഥലം പൊതുമരാമത്ത് (റോഡ്സ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടതിന് പിന്നാലെ അറ്റകുറ്റപ്പണികൾ തകൃതി. ടാറിംഗ് പൂർത്തിയാക്കിയ വഞ്ചിയൂർ-ആൽത്തറ റോഡ് എന്തിനാണ് കുത്തിപ്പൊളിച്ചത്, പണി പൂർത്തിയാക്കാനുണ്ടായ കാലതാമസത്തിന്റെ കാരണം, പണി പൂർത്തിയാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കേണ്ടി വരും, റോഡ് പണി പൂർത്തിയാക്കാൻ എത്ര നാൾ വേണ്ടി വരും തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി സമഗ്രമായ ഒരു റിപ്പോർട്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. 


കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രദേശത്തെ പോസ്റ്റുകളിൽ നിന്നും നീക്കം ചെയ്ത കേബിളുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുകയാണെന്ന ആക്ഷേപം പരിശോധിച്ച് അപകടം ഒഴിവാക്കാൻ കഴിയുന്ന രീതിയിൽ കേബിളുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടതിന് പിന്നാലെ ഇന്ന് രാവിലെ മുതൽ കേബിളുകൾ നീക്കുന്ന ജോലികളാണിപ്പോൾ ആരംഭിച്ചിരിക്കുന്നത്. വർഷങ്ങളായി പൊളിഞ്ഞ് കിടന്ന റോഡ് സ്മാർട്ട് സിറ്റിയുടെ ഭാഗമായാണ് മാസങ്ങൾക്ക് മുമ്പ് ടാർ ചെയ്ത് പുതുക്കിയത്. ടാറിങ് ജോലികൾ പൂർത്തിയായി വാഹനങ്ങൾ ഓടാൻ തുടങ്ങിയപ്പോഴാണ് വീണ്ടും വൈദ്യുതി ലൈനുകളും കേബിളുകളും മാറ്റി സ്ഥാപിക്കുന്നതിനായി റോഡിന്‍റെ നടുഭാഗം തന്നെ വെട്ടിപ്പൊളിച്ചത്.