റോഡ് കയ്യേറി സ്റ്റേജ് കെട്ടി ഗതാഗതക്കുരുക്കുണ്ടാക്കി; എസ്പി ഉദ്ഘാടനം ചെയ്ത പരിപാടിക്കെതിരെ പരാതി, ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടും

  1. Home
  2. Kerala

റോഡ് കയ്യേറി സ്റ്റേജ് കെട്ടി ഗതാഗതക്കുരുക്കുണ്ടാക്കി; എസ്പി ഉദ്ഘാടനം ചെയ്ത പരിപാടിക്കെതിരെ പരാതി, ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടും

report



ബാലരാമപുരം ജംഗ്‌ഷനിലെ വിഴിഞ്ഞം റോഡിലായി പാത കയ്യേറി സ്റ്റേജ് കെട്ടി ഗതാഗത തടസമുണ്ടാക്കിയ സംഭവത്തിൽ റിപ്പോർ‌ട്ട് തേടാൻ തീരുമാനം. സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് റിപ്പോർട്ട് ആവശ്യപ്പെടുക. കഴിഞ്ഞ മൂന്നാം തീയതി സംഘടിപ്പിച്ച ജ്വാല വനിതാ ജംഗ്‌ഷൻ പരിപാടിയ്ക്ക് റോഡ് കയ്യേറി സ്റ്റേജ് കെട്ടി ഗതാഗത കുരുക്ക് ഉണ്ടാക്കിയ സംഭവം ശ്രദ്ധയിൽ പെട്ടിട്ടും പരിപാടി ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്‍റെ നടപടി ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന പരാതിയിലാണ് നടപടി.  ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് പൊതു പ്രവർത്തകനായ അഡ്വ .  കുളത്തൂർ ജയ്‌സിങ് പരാതി നൽകിയിരുന്നു. സംഭവത്തിന് ആധാരമായ പരാതി ചീഫ് സെക്രട്ടറി ആഭ്യന്തര വകുപ്പിന് കൈമാറി .

ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച വനിതാശാക്തീകരണ പരിപാടിക്ക് വേണ്ടിയാണ് വെള്ളിയാഴ്ച വൈകിട്ടോടെ റോഡിൽ വേദിയൊരുക്കിയത്. വിഴിഞ്ഞം റോഡിൽ പകുതി ഭാഗം കൈയ്യേറി സ്റ്റേജ് കെട്ടിയതിന് പുറമേ  റോഡിന് എതിർവശത്ത് നടപ്പാത വരെ കസേരകൾ ഇട്ടതോടെ കാൽ നട യാത്രക്കാരടക്കമുള്ള സകലരും കുടുങ്ങി. പൊതുവേ  ഗതാഗതക്കുരുക്കുള്ള  ജംഗ്ഷനിൽ ഓഫീസ് -സ്കൂൾ വാഹനങ്ങളും എത്തിയതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. 

ആഴ്ചകൾക്കു മുൻപ് സിപിഎം പാളയം ഏരിയ സമ്മേളനത്തിന്‍റെ സമാപന യോഗത്തിന് വഞ്ചിയൂരിൽ റോഡ് അടച്ച് സ്റ്റേജ് കെട്ടിയത് വിവാദമാകുകയും സിപിഎം പ്രവർത്തകർക്കെതിരെ വഞ്ചിയൂർ പൊലീസിന് കേസെടുക്കുകയും ചെയ്തിരുന്നു. സമാനമായ സംഭവമാണ് ബാലരാമപുരം ജങ്ഷനിലും അരങ്ങേറിയതെങ്കിലും പരിപാടി ഉദ്ഘാടനം ചെയ്തത് റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ ഐപിഎസ് ആയിരുന്നതിനാൽ തന്നെ ഇതേവരെ കേസെടുക്കേണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതോടെയാണ് പരാതി എത്തിയത്.