'തിരക്കഥ നന്നായിട്ടുണ്ട്, ഏത് അന്വേഷണവും നടക്കട്ടെ'; ഇ.ഡി നീക്കത്തിനെതിരെ പി.എ. മുഹമ്മദ് റിയാസ്
സി.എം.ആർ.എൽ - എക്‌സാലോജിക് ഇടപാടിൽ തനിക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയനുമടക്കം കണ്ടുപിടിക്കപ്പെട്ടവർക്കെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആവശ്യത്തോട് പ്രതികരിച്ച് മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നീക്കങ്ങൾക്ക് പിന്നിലെ തിരക്കഥ മോശമല്ലെന്നും തങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ ഏത് അന്വേഷണത്തെയും ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.എം.ആർ.എൽ - എക്‌സാലോജിക് ഇടപാട് കൈക്കൂലിയുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ്, വീണാ വിജയൻ തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കാണ് ഇ.ഡി കത്തയച്ചിരുന്നത്. ഇ.ഡിയുടെ ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് റിയാസ് വ്യക്തമാക്കി.
"ഒരു തരത്തിലും ഭയപ്പെടാനില്ല. ഏതൊക്കെ തിരക്കഥവെച്ച് ഏത് ആംഗിളിൽ കൊണ്ടുപോയാലും നിരപരാധികൾ നിരപരാധികളാണ്. പേടിച്ചുപോയെന്ന് ആരും കരുതേണ്ട. എങ്ങനെയൊക്കെ വേട്ടയാടാൻ ശ്രമിച്ചാലും ഭയപ്പെടില്ല," എന്ന് അദ്ദേഹം പറഞ്ഞു. കേസെടുക്കണോ വേണ്ടയോ എന്ന് യു.ഡി.എഫ് സർക്കാർ തീരുമാനിക്കട്ടെയെന്നും റിയാസ് കൂട്ടിച്ചേർത്തു. അതേസമയം, ഡി.ജി.പിക്ക് ലഭിച്ച കത്ത് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.
