പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം; എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി

  1. Home
  2. Kerala

പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം; എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി

image


പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിനും നടപടിക്രമങ്ങൾക്കും തുടക്കമായി. മുതിർന്ന അംഗം ജി. സുധാകരൻ പ്രോടെം സ്പീക്കറായി ചുമതലയേറ്റതോടെയാണ് സഭാ നടപടികൾ ആരംഭിച്ചത്.വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന മുഴുവൻ പേരിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ഫിഷറീസ് മന്ത്രിയും മുസ്ലിം ലീഗ് അംഗവുമായ വി.ഇ അബ്ദുൽ ഗഫൂറാണ് പുതിയ സഭയിൽ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്.
വിവിധ ഭാഷകളിൽ അംഗങ്ങൾ സത്യവാചകം ചൊല്ലിയത് ശ്രദ്ധേയമായി.

മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷറഫ് കന്നഡയിലും, ദേവികുളം എം.എൽ.എ എഫ്. രാജ തമിഴിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കോഴിക്കോട് സൗത്ത് എം.എൽ.എ ഫൈസൽ ബാബു, മാണി സി. കാപ്പൻ, കെ. മുരളീധരൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്.ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യരുടെ നടപടി ശ്രദ്ധേയമായി. ''ജയ് ഹിന്ദ്, ജയ് സംവിധാനം'' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. കൊട്ടാരക്കര എം.എൽ.എ കെ.എൻ ബാലഗോപാൽ, വി.ടി ബൽറാം എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.


മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോൾ ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭയിൽ സൗഹൃദരംഗങ്ങളാണ് കാണപ്പെട്ടത്. പിണറായി വിജയനെ പേരുവിളിച്ച് ക്ഷണിച്ചപ്പോൾ ഡെസ്‌ക്കിൽ കയ്യടിച്ചാണ് മുഖ്യമന്ത്രി വി.ഡി സതീശൻ അദ്ദേഹത്തെ എതിരേറ്റത്. പ്രോടെം സ്പീക്കർ ജി. സുധാകരൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് മുന്നിലേക്ക് നീങ്ങി അദ്ദേഹത്തിന് ഹസ്തദാനം നൽകി.തളിപ്പറമ്പ് എം.എൽ.എ ടി.കെ ഗോവിന്ദൻ സഗൗരവം സത്യപ്രതിജ്ഞ ചെയ്ത ശേഷം പിണറായി വിജയന് കൈകൊടുത്തു. വി. കുഞ്ഞികൃഷ്ണൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.അതേസമയം, നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. എ.സി മൊയ്തീൻ എൽഡിഎഫ് സ്ഥാനാർഥിയുമാണ്. ബി.ബി ഗോപകുമാർ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും.