എസ്എസ്എൽസി ഫലം മേയ് 15-ന്, പ്ലസ് ടു ഫലം 22-ന് പ്രഖ്യാപിക്കും
കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് വിരാമമിട്ട് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലങ്ങളുടെ തീയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മേയ് 15-നും ഹയർ സെക്കൻഡറി (പ്ലസ് ടു), വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലങ്ങൾ മേയ് 22-നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ പരീക്ഷാഫലം ജൂൺ പത്തിനാകും പുറത്തുവിടുക.
ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. മേയ് അവസാനത്തോടെ പുനർമൂല്യനിർണ്ണയ ഫലങ്ങളും പ്രഖ്യാപിച്ച് സർട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരീക്ഷാ മൂല്യനിർണ്ണയ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പിഴവുകൾ വരുത്തുന്ന സ്കൂൾ അധികൃതർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
