മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ആലോചിക്കാതെ, ശൈലി മാറ്റണം; സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ്

  1. Home
  2. Kerala

മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ആലോചിക്കാതെ, ശൈലി മാറ്റണം; സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ്

   adoor prakash


മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നിഷ്ടപ്രകാരം തീരുമാനങ്ങൾ എടുക്കുന്ന ശൈലി മാറ്റണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. സതീശന്റെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പരാതി നൽകിയതായും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി എം.കെ. മുനീറിനെയും ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ജി. ദേവരാജനെയും നിയമിച്ചതുൾപ്പെടെയുള്ള പ്രധാന സർക്കാരതീരുമാനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് കൈക്കൊണ്ടതെന്ന് അടൂർ പ്രകാശ് ആരോപിച്ചു. പ്രധാനപ്പെട്ട തീരുമാനങ്ങൾ പലതും മുന്നണി കൺവീനറായ താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും, മുന്നണി ഏകോപന സമിതി യോഗങ്ങൾ കൃത്യമായി വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പ്രതിപക്ഷ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ അടൂർ പ്രകാശ് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുമായി കൂടിക്കാഴ്ച നടത്തിയതായും രാഹുൽ ഗാന്ധിയെ നേരിട്ടു കാണുമെന്നും അറിയിച്ചു. സതീശന്റെ പ്രവർത്തനരീതിയിൽ കോൺഗ്രസ് നേതാക്കൾക്കും മുന്നണിയിലെ ഘടകകക്ഷികൾക്കും കടുത്ത അതൃപ്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.