രാജ്യസഭാ കാലാവധി പൂർത്തിയായി; കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

  1. Home
  2. Kerala

രാജ്യസഭാ കാലാവധി പൂർത്തിയായി; കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

george kurian


രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെച്ചു. അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജി സമർപ്പിച്ചത്. ഇത്തവണ അദ്ദേഹത്തെ വീണ്ടും പാർട്ടി രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നില്ല. മന്ത്രിസ്ഥാനമൊഴിഞ്ഞ ജോർജ് കുര്യൻ ഇനിമുതൽ ബി.ജെ.പി ഭരണഘടനാ-സംഘടനാ ചുമതലകളിലേക്ക് മടങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.

കേരളത്തിൽ സജീവമായി പ്രവർത്തിക്കാനുള്ള താല്പര്യം അദ്ദേഹം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ദേശീയ തലത്തിലാണോ അതോ കേരളത്തിലാണോ അദ്ദേഹത്തിന് പുതിയ ചുമതല നൽകുകയെന്ന കാര്യത്തിൽ പാർട്ടി ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല.

മൂന്നാം മോദി സർക്കാരിൽ 2024 ജൂൺ 9-നാണ് ന്യൂനപക്ഷ കാര്യങ്ങൾ, ഫിഷറീസ്, മൃഗസംരക്ഷണം, ഡയറിയിങ് വകുപ്പുകളുടെ സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റത്. തുടർന്ന് ഓഗസ്റ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്നും അദ്ദേഹം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവാഹക സമിതിയംഗം, കോർ കമ്മിറ്റിയംഗം, പാർട്ടി വക്താവ് തുടങ്ങിയ സുപ്രധാന പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം ദീർഘകാലമായി ബി.ജെ.പിയുടെ മുൻനിര നേതാക്കളിലൊരാളാണ്. ഒ. രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും (OSD) ജോർജ് കുര്യൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.