രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ് പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് മാറ്റി
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. വിചാരണ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് കേസ് മാറ്റിയത്. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ച കുറ്റപത്രത്തിലെ പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയായതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാഹുൽ കോടതിയിൽ ഹാജരായിരുന്നു. കേസിന്റെ വിചാരണ ഏത് കോടതിയിൽ നടക്കണമെന്ന് ജില്ലാ സെഷൻസ് കോടതി തീരുമാനിക്കും.
വിദേശത്ത് താമസിക്കുന്ന 31 വയസ്സുകാരിയായ മലയാളി യുവതി നൽകിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, ശാരീരിക-മാനസിക പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ പരാതിക്കാരിയുടേത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.
