മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ, ജാമ്യാപേക്ഷ നാളെ പരിഗണിക്കും
മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോടതി റിമാൻഡിൽ വിട്ടു. രാഹുലിനെ മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിൽ എത്തിച്ചു. കോടതിക്ക് മുന്നിൽ യുവമോർച്ച രാഹുലിനെതിരെ പ്രതിഷേധിച്ചു. രാഹുൽ ഉണ്ടായിരുന്ന വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു.മൂന്നു ദിവസത്തെ കസ്റ്റഡി കാലയളവിൽ തെളിവെടുപ്പും ചോദ്യംചെയ്യലും കാര്യമായ പുരോഗതി കൈവരിച്ചില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.
പരാതിക്കാരി ബലാത്സംഗം നടന്നതായി പറഞ്ഞ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ മാത്രമാണ് രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്താനായത്. പരാതിക്കാരിയുമായി ഹോട്ടലിൽ വെച്ച് കണ്ടിരുന്നുവെന്നത് രാഹുൽ സമ്മതിച്ചെങ്കിലും, അതിന് പുറത്തുള്ള ആരോപണങ്ങളൊന്നും അംഗീകരിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കി. അന്വേഷണത്തിനിടെ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നിലധികം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോണിലെ നിർണായക ഡാറ്റ ലാപ്‌ടോപ്പിലേക്ക് പകർത്തി സൂക്ഷിച്ചിരുന്നുവെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ആ ലാപ്‌ടോപ്പ് എവിടെയാണെന്ന് പ്രതി വ്യക്തമാക്കിയില്ല. അടൂരിലെ വീട്ടിൽ നടത്തിയ തിരച്ചിലിലും ലാപ്‌ടോപ്പ് കണ്ടെത്താൻ കഴിഞ്ഞില്ല.
ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയുമായി പാലക്കാട് പോകാൻ അനുമതി നൽകണമെന്ന എസ്ഐടിയുടെ ആവശ്യം കോടതി പരിഗണിച്ചിരുന്നെങ്കിലും, ചുരുങ്ങിയ കസ്റ്റഡി കാലാവധിയും തുടർച്ചയായ പ്രതിഷേധങ്ങളും കാരണം പാലക്കാട് യാത്ര നടത്താനായില്ല. ആദ്യ ദിനം മുതൽ ഉണ്ടായ ശക്തമായ പ്രതിഷേധങ്ങൾ പ്രതിയെ പുറത്ത് കൊണ്ടുപോയുള്ള തെളിവെടുപ്പിന് വലിയ വെല്ലുവിളിയായി.രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക
