കാട്ടുപന്നിക്കൊരുക്കിയ കെണി; ഷോക്കേറ്റ് കർഷകൻ മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

താമരക്കുളത്ത് കാട്ടുപന്നികളെ തടയാനായി സ്ഥാപിച്ച വൈദ്യുതകെണിയിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു.മരക്കുളം കിഴക്കേമുറി പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. വൈദ്യുതവേലി സ്ഥാപിച്ച കിഴക്കേമുറി ചരുവിളയിൽ ജോൺസൺ (61) നെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം. കൊടുവര പാടത്ത് സ്വന്തം കൃഷിയിടത്തിൽ പോയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. അയൽവാസിയായ മറ്റൊരു കർഷകന്റെ കൃഷി സ്ഥലത്ത് മരച്ചീനി സംരക്ഷിക്കാൻ സ്ഥാപിച്ചിരുന്ന പന്നിക്കെണിയിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്.
ശിവൻകുട്ടി പാടത്ത് ബോധരഹിതനായി കിടക്കുന്നതുകണ്ട അയൽവാസിയായ ശോഭയാണ് ആളുകളെ വിളിച്ചുകൂട്ടിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നൂറനാട് പോലീസ്, റവന്യു, വൈദ്യുതി ബോർഡ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.