പൊതുവിദ്യാലയങ്ങളെ വർഗീയ പരീക്ഷണശാലകളാക്കാൻ യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുന്നു; വിദ്യാഭ്യാസ മന്ത്രി മാപ്പുപറയണമെന്ന് പിണറായി വിജയൻ
കേരളത്തിലെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ പരീക്ഷണശാലകളാക്കി മാറ്റാൻ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ വകുപ്പും കൂട്ടുനിൽക്കുന്നത് അത്യന്തം അപകടകരമായ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർഎസ്എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികൾക്കായി പുറത്തിറക്കുന്ന 'മയിൽപ്പീലി' മാസികയുടെ 'യങ് സ്കോളർ' പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ നടപടി, പിഞ്ചുമനസ്സുകളിൽ വർഗീയവിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണെന്നും അദ്ദേഹം വിമർശിച്ചു.
ആർഎസ്എസിന്റെ അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിന്റെ അപേക്ഷയിന്മേലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതിനുള്ള അനുമതി നൽകിയത്. ഇതേ വ്യക്തിയെ തന്നെയാണ് കഴിഞ്ഞ ദിവസം സംസ്ഥാന സ്കൂൾ കരിക്കുലം കമ്മിറ്റിയിലേക്ക് യുഡിഎഫ് സർക്കാർ നോമിനേറ്റ് ചെയ്തത് എന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ടെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെയാണ് ഈ നഗ്നമായ സംഘപരിവാർ പ്രീണനം നടക്കുന്നതെന്നത് വ്യക്തമാണ്.
2017-ലാണ് മയിൽപ്പീലി ഈ പരീക്ഷ ആരംഭിച്ചതെങ്കിലും കഴിഞ്ഞ പത്തുവർഷക്കാലം ഇത്തരം വർഗീയ അജണ്ടകൾക്ക് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ യാതൊരു ഇടവും നൽകിയിരുന്നില്ല. കുഞ്ഞുങ്ങളെ വർഗീയതയുടെ പരീക്ഷണവസ്തുക്കളാക്കാൻ അനുവദിക്കില്ല എന്ന ഉറച്ച ജാഗ്രതയാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ കാറ്റിൽപ്പറത്തിയിരിക്കുന്നത്.
സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ മുട്ടിലിഴയുന്ന സർക്കാരിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും നടപടി കേരളത്തിന്റെ മതനിരപേക്ഷ സമൂഹം ഒരിക്കലും അംഗീകരിക്കില്ല. പ്രതിഷേധമുയർന്നപ്പോൾ ഉത്തരവ് പിൻവലിച്ചതുകൊണ്ട് മാത്രം ചെയ്ത തെറ്റ് ഇല്ലാതാകുന്നില്ലെന്നും, കുഞ്ഞുമനസ്സുകളിൽ വർഗീയത വളർത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം പരിപാടികൾക്ക് പൊതുവിദ്യാലയങ്ങളെ വിട്ടുനൽകാൻ തയ്യാറായ വിദ്യാഭ്യാസ മന്ത്രി കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിക്കുലം കമ്മിറ്റിയിലെ ആർഎസ്എസ് പ്രതിനിധിയുടെ നോമിനേഷൻ ഉടനടി റദ്ദാക്കണമെന്നും, മതനിരപേക്ഷ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
