നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വിജയിച്ച സ്ഥാനാർഥി മരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കാനിരിക്കെ മീനടം ഗ്രാമപഞ്ചായത്തിൽ വിയോഗവാർത്തയുടെ നോവ്. ഒന്നാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി പ്രസാദ് നാരായണനാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
മീനടം പഞ്ചായത്തിലെ ജനകീയനായ ജനപ്രതിനിധിയായിരുന്നു പ്രസാദ് നാരായണൻ. കഴിഞ്ഞ 30 വർഷമായി മീനടം പഞ്ചായത്തംഗമായ അദ്ദേഹം ആറ് തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും വിജയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും നാളെയാണ് പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10-നും കോർപറേഷനുകളിൽ പകൽ 11.30-നുമാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
ത്രിതല പഞ്ചായത്തുകളിൽ ഡിസംബർ 27-നും മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ 26-നുമാണ് അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുക. മുന്നണികൾക്ക് തുല്യ അംഗബലമുള്ള ഇടങ്ങളിൽ നറുക്കെടുപ്പിലൂടെയാകും അധ്യക്ഷനെ തീരുമാനിക്കുക
