മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിലെ മോഷണം: മുർഷിദാബാദ് സ്വദേശി പിടിയിൽ
മാത്യു കുഴൽനാടൻ എംഎൽഎയുടെ പൈങ്ങോട്ടൂരിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡലിനെ പോലീസ് പിടികൂടി. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതി മുൻപും സമാനമായ മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കി.
പൈങ്ങോട്ടൂർ ആയങ്കരയിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു സംഭവം. നിർമ്മാണ ആവശ്യങ്ങൾക്കായി എത്തിച്ചിരുന്ന ഇലക്ട്രിക് വയറുകളാണ് പ്രതി കവർന്നത്. മോഷണസമയത്ത് വീട്ടുകാരോ തൊഴിലാളികളോ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തിൽ ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
