ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവം; പ്രതിയായ പൊലീസുകാരൻ പിടിയിൽ
വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പ്രതിയായ പൊലീസുകാരൻ പിടിയിൽ. സംഭവം നടന്ന് പത്താം ദിവസം എറണാകുളത്ത് നിന്നാണ് സബിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളാണ് മോഷണം പോയത്. ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ ഉൽപന്നങ്ങളായിരുന്നു ഇവ. കോടതിയിൽ ഹാജരാക്കിയശേഷം തിരികെ സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച തൊണ്ടിമുതലാണ്.
സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും മുറി വൃത്തിയാക്കാനെത്തിയപ്പോഴാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. മുറിയുടെ പൂട്ട് തകർക്കാതെ താക്കോൽ കൈക്കലാക്കിയാണ് മോഷണം നടത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
അതേസമയം, കേസിൽ സബിത്തിനെ ബലികാടാക്കുകയാണെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സബിത്തിന്റെ അഭിഭാഷകൻ അമൽജിത്ത് ആരോപിച്ചു. ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ രൂക്ഷഗന്ധം കാരണം അവ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കുക മാത്രമാണ് സബിത് ചെയ്തതെന്നാണ് അഭിഭാഷകന്റെ വാദം.
സ്റ്റേഷനിൽ കാർ കഴുകുന്നതിനിടെ ചാക്കിൽ സൂക്ഷിച്ചിരുന്ന ഹാൻസിന്റെ രൂക്ഷഗന്ധം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സബിത് അവ സ്റ്റോറൂമിന് സമീപത്തേക്ക് മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെ സബിത് അവധിയിൽ പോയി. മാസങ്ങൾക്കുശേഷം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്ക് ഹാൻസ് കാണാനില്ലെന്ന് കണ്ടെത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു.
