ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം: സീനിയർ സി.പി.ഒ സബിത്തിനെതിരെ കേസ്; പ്രതി ഒളിവിൽ

  1. Home
  2. Kerala

ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം: സീനിയർ സി.പി.ഒ സബിത്തിനെതിരെ കേസ്; പ്രതി ഒളിവിൽ

scpo


സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച സംഭവത്തിൽ മുതിർന്ന പോലീസുകാരനെതിരെ കേസെടുത്തു. സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ സബിത്തിനെതിരെയാണ് കേസെടുത്തത്. ചെക്ക്‌പോസ്റ്റിൽ നിന്ന് പിടികൂടി കോടതി ഉത്തരവുപ്രകാരം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്കോളം വരുന്ന പുകയില ഉൽപ്പന്നങ്ങളാണ് ഇയാൾ കവർന്നത്.

കഴിഞ്ഞ ദിവസം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതൽ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. സ്റ്റേഷന്റെ പൂട്ടു പൊളിക്കാതെ, റൈറ്ററുടെ പക്കലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്ന് മോഷണം നടത്തിയത് എന്ന കണ്ടെത്തിയതോടെയാണ് സംശയം പോലീസുകാരിലേക്ക് നീണ്ടത്.

തുടർന്ന്, കാറിലെത്തി ചാക്കുകൾ കടത്തിക്കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൈത്തിരി സ്വദേശിയായ സബിത്താണ് മോഷണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.