സംസ്ഥാനത്ത് കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും സാധ്യത; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്

  1. Home
  2. Kerala

സംസ്ഥാനത്ത് കാറ്റും ഒറ്റപ്പെട്ട ശക്തമായ മഴയും സാധ്യത; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്

image


കേരളത്തിൽ കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളായ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ജൂലൈ 7 മുതൽ 11 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

രണ്ട് ജില്ലകളിലും അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ ബുധൻ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഹാരാഷ്ട്ര മുതൽ ഗോവ തീരം വരെ, തീരത്തോട് ചേർന്ന് ന്യുനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുവെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമ ബംഗാളിന് മുകളിലായും ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 2 -3 ദിവസങ്ങളിൽ ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് ഇവ നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെയും ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.

കള്ളക്കടൽ ജാഗ്രത നിർദേശവും നിലവിലുണ്ട്. കന്യാകുമാരി തീരത്ത്, നീരോടി മുതൽ ആരോക്യപുരം വരെയാണ് മുന്നറിയിപ്പ്. കടൽക്ഷോഭം, ഉയർന്ന തിരമാല, എന്നിവ ഉണ്ടായേക്കാം. മത്സ്യത്തൊഴിലാളികൾ സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും ഈ സമയത്ത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.