ജി.എൻ.എ കരാറിൽ അപ്രായോഗികതയുണ്ട്, ഹിമാചൽ വൈദ്യുതി സർക്കാർ പദ്ധതിയാണ്; മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

  1. Home
  2. Kerala

ജി.എൻ.എ കരാറിൽ അപ്രായോഗികതയുണ്ട്, ഹിമാചൽ വൈദ്യുതി സർക്കാർ പദ്ധതിയാണ്; മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

sunny joseph


ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങുന്ന കരാറിൽ ചില അപ്രായോഗികതകളുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ ആ കരാർ മുന്നോട്ടുകൊണ്ടുപോകില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കേരളത്തിൽ വൈദ്യുതി ആവശ്യകത അനുദിനം വർധിച്ചുവരികയാണെന്നും കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മെഗാവാട്ടിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആവശ്യകത 2,500 മെഗാവാട്ടായി ഉയർന്നപ്പോൾ ജലവൈദ്യുത പദ്ധതികളിലൂടെയുള്ള ഉത്പാദനം 180 മെഗാവാട്ട് മാത്രമാണ് വർധിച്ചത്. പ്രത്യേകിച്ച് രാത്രികാലങ്ങളിലാണ് കേരളത്തിൽ വൈദ്യുതി ആവശ്യകത കൂടുതൽ.

സോളാർ വൈദ്യുതി കൊണ്ട് മാത്രം കേരളത്തിന്റെ ആവശ്യം പൂർണമായി പരിഹരിക്കാനാകില്ലെന്നും, സൗരോർജം സംഭരിച്ച് രാത്രികാലങ്ങളിൽ ഉപയോഗിക്കാനുള്ള ബാറ്ററി സ്റ്റോറേജ് പദ്ധതികളാണ് വേണ്ടതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. സോളാർ പദ്ധതി ജനകീയമാക്കാനും വികേന്ദ്രീകൃതമാക്കാനുമായി ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന് സബ്‌സിഡിയും ബാങ്ക് വായ്പയും നൽകുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. വൈദ്യുതി വകുപ്പ് മുഖ്യമന്ത്രിയിൽ യാതൊരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത ആവർത്തിച്ച് ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു. ഹിമാചൽ വൈദ്യുതി പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോൾ ജി.എൻ.എ പകലും രാത്രിയും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാമെന്ന് പറയുന്നുണ്ടെങ്കിലും അതൊരു സ്വകാര്യ പ്ലാറ്റ്‌ഫോമാണ്. എന്നാൽ ഹിമാചൽ വൈദ്യുതി സർക്കാർ പദ്ധതിയാണ്. ഇതിലെ പ്രയാസങ്ങളും വ്യത്യാസങ്ങളും വൈദ്യുതി ബോർഡ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവന സണ്ണി ജോസഫ് തള്ളി. ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ അതെല്ലാം മാറിയിട്ടുണ്ടെന്നും, കെ.പി.സി.സിയുടെ പരസ്യ പ്രസ്താവനാ വിലക്ക് ലംഘിച്ചുള്ള ഇത്തരം പരാമർശങ്ങളെ അവഗണിക്കുന്നതാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേർത്തു.