രാജ്‌മോഹൻ ഉണ്ണിത്താനെ തള്ളിപ്പറയാനില്ല; ഉമ്മൻചാണ്ടിക്കുവേണ്ടി പോരാടിയ വ്യക്തി: ചാണ്ടി ഉമ്മൻ
രാജ്‌മോഹൻ ഉണ്ണിത്താനെയും ഷാഫി പറമ്പിലിനെയും തള്ളിപ്പറയാതെ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിക്കുവേണ്ടി രാജ്‌മോഹൻ ഉണ്ണിത്താൻ പരസ്യമായി രംഗത്തെത്തിയെന്ന കാര്യത്തിൽ സംശയമില്ലെന്നും കുടുംബത്തിനുവേണ്ടി നിലകൊണ്ട അദ്ദേഹത്തെ മറക്കാനാകില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിക്കുവേണ്ടി പോരാടിയ ജീവിക്കുന്ന രക്തസാക്ഷിയാണ് ഉണ്ണിത്താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിദ്ദിഖും രാജ്‌മോഹൻ ഉണ്ണിത്താനും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മറ്റുള്ളവരും അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. രാജ്‌മോഹൻ ഉണ്ണിത്താനെതിരായ സൈബർ ആക്രമണത്തെ അപലപിച്ച അദ്ദേഹം, ഇത്തരം ആക്രമണങ്ങൾ ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.
പാർട്ടിക്കുള്ളിൽ തർക്കങ്ങളും പ്രശ്‌നങ്ങളുമുണ്ടെന്നും അതിന്റെ പേരിൽ ചില കാര്യങ്ങൾ കാണാതെ പോകുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താനെതിരായ സൈബർ ആക്രമണം അന്വേഷിക്കാൻ ആവശ്യപ്പെടാനുള്ള പൊലീസ് തന്റെ കൈയിലില്ലെന്നും ഉണ്ണിത്താൻ നടത്തിയ വൈകാരിക പ്രതികരണത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
