ഇസ്ലാമിൽ ലിംഗവിവേചനമില്ല; സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല, കാന്തപുരത്തിനെ തള്ളി പാളയം ഇമാം
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നിലപാടുകളെ തള്ളി പാളയം ഇമാം വി.പി. സുഹൈബ് മൗലവി. ഇസ്ലാമിൽ യാതൊരുവിധ ലിംഗവിവേചനവുമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് ഇസ്ലാമിൽ ഒരിടത്തും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ സൂക്ഷ്മതയോടെ സ്ത്രീകൾ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സ്വഹാബിമാരുടെ കാലം മുതൽ സ്ത്രീകളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നുവെന്നും പിൽക്കാലത്ത് വന്ന ചില യാഥാസ്ഥിതിക കൂട്ടായ്മകളാണ് സ്ത്രീകൾക്ക് മേൽ അനാവശ്യ വിലക്കുകൾ കൊണ്ടുവന്നതെന്നും ഇമാം കൂട്ടിച്ചേർത്തു.
അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രസ്താവനയോട് സമുദായത്തിന് തന്നെ വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്ലാമിയും വിരുദ്ധ നിലപാടുമായി മുജാഹിദ് പ്രസ്ഥാനമായ ഐ.എസ്.എമ്മും രംഗത്തെത്തി. സ്ത്രീകളെ പിന്നോട്ട് വലിക്കുന്ന പരാമർശങ്ങൾ തെറ്റാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന ലിംഗസമത്വം അംഗീകരിക്കാൻ കാന്തപുരം തയ്യാറാകണമെന്നും സി.പി.എം നേതാവ് എൻ. ഷംസീറും വിമർശിച്ചു.
