'ഇനി അയ്യപ്പസംഗമം ഇല്ല; ഊരാളുങ്കലിന് നൽകാനുള്ള തുക ദേവസ്വം ഫണ്ടിൽ നിന്ന് വീട്ടാനാവില്ല': കെ. ജയകുമാർ
ശബരിമല അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അതുകൊണ്ടുതന്നെ ആഗോള അയ്യപ്പസംഗമം ഇനി നടത്തില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയുമായി ബന്ധപ്പെട്ട് വരുന്ന വിവാദ വാർത്തകളിൽ ഏറെ വേദനിക്കുന്നത് ദേവസ്വം ബോർഡ് ആണെന്നും തങ്ങളാരും അഴിമതി നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ സൊസൈറ്റിക്ക് (ULCCS) 6 കോടി രൂപ നൽകാനുണ്ടെന്ന വാദത്തോട് പ്രതികരിച്ച പ്രസിഡന്റ്, ദേവസ്വം ബോർഡ് ഓഡിറ്റർ ഇത് സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കി. ബോർഡ് പണം നൽകാനുണ്ടെന്നത് ശരിയാണെങ്കിലും അത് ബോർഡിന്റെ തുകയിൽ നിന്ന് നേരിട്ടെടുത്ത് വീട്ടാൻ സാധിക്കില്ലെന്നും നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് ബാക്കി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീർത്ഥാടകർക്കായി വലിയ രീതിയിലുള്ള പരിഷ്കാരങ്ങളാണ് ദേവസ്വം ബോർഡ് ഇത്തവണ ഒരുക്കുന്നത്. സന്നിധാനത്തെ 690 മുറികളിൽ 550 എണ്ണം ഇനി മുതൽ ഓൺലൈൻ വഴി തീർത്ഥാടകർക്ക് ലഭ്യമാക്കും. ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കിയതിനൊപ്പം ഡെപ്പോസിറ്റ് തുക ഒഴിവാക്കി. പകരം മുറിവാടക മുൻകൂറായി നൽകി 50 രൂപ സർവീസ് ചാർജ് ഈടാക്കി ബുക്ക് ചെയ്യാം. മുറികളുടെ പരിപാലനത്തിനായി ഹൗസ് കീപ്പിങ് സംവിധാനം ഔട്ട്‌സോഴ്‌സ് ചെയ്യും. ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ള 56 മുറികൾക്ക് പുറമെ ഹൈപ്പവർ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികൾ കൂടി പുതുതായി നിർമ്മിക്കും. സന്നിധാനത്ത് പുതിയ തീർത്ഥക്കുളവും നിർമ്മിക്കുന്നതാണ്.
നവംബർ 1 മുതൽ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എഐ (AI) ക്യാമറകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ കൺട്രോൾ റൂം പ്രവർത്തിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനായി സന്നിധാനത്ത് പ്രത്യേക ക്രൗഡ് കൺട്രോൾ റൂമും സ്ഥാപിക്കും. പടിപൂജയ്ക്ക് 2048 വരെ ബുക്കിങ് പൂർത്തിയായ സാഹചര്യത്തിൽ, തന്ത്രിയുടെ അനുമതിയോടെ ദിവസം ഒന്നിന് പകരം അഞ്ച് പടിപൂജകൾ വീതം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തീർത്ഥാടനത്തിനിടെ മരണപ്പെട്ട 54 പേരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ഇൻഷുറൻസ് സഹായം നൽകും. വെർച്വൽ ക്യൂ ടിക്കറ്റിനൊപ്പം ഈടാക്കുന്ന 5 രൂപ ഫണ്ടിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. ഇൻഷുറൻസിനായി എൽഐസിയുമായി ചർച്ചകൾ നടത്തും.
കർക്കിടകമാസം കഴിയുന്നതോടെ സന്നിധാനവും പരിസരവും ഡീപ്പ് ക്ലീനിംഗ് നടത്തുന്നതിനായി ക്ലീൻ കേരള കമ്പനിയുമായി കരാറിലേർപ്പെടും. അന്നദാനത്തിന് വ്യക്തിഗത സ്പോൺസർഷിപ്പ് സ്വീകരിക്കില്ലെന്നും മാന്യമായ രീതിയിൽ കേരള സദ്യ നൽകുമെന്നും ജയകുമാർ വ്യക്തമാക്കി. കൂടാതെ, നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാസ്തുവിദ്യാ ഗുരുകുലത്തെ കൺസൾട്ടന്റാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ കുറ്റമറ്റതാക്കാൻ ടെക്നിക്കൽ ക്വാളിറ്റി എൻജിനീയറിംഗ് ടീമിനെ നിയോഗിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
