പൂരം നടത്തിപ്പിന് ഉന്നത അധികാര സമിതി വേണം; കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവമ്പാടി ദേവസ്വം
പൂരം നടത്തിപ്പിന് ഉന്നത അധികാര സമിതി വേണമെന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ സത്യവാങ്മൂലത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി തിരുവമ്പാടി ദേവസ്വം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തമ്പുരാന്‍ കളിക്കേണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഉന്നതാധികാര സമിതിയെന്ന നിലപാട് ഹൈക്കോടതിയില്‍ പറഞ്ഞതെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം.
പൂരം കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടിട്ടും പോര് തീരുന്നില്ല. പൂരം നടത്തിപ്പില്‍ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ക്കുള്ള മേല്‍ക്കൈ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ ശുപാര്‍ശയാണ് ഇപ്പോഴത്തെ പ്രകോപനം. ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍, എട്ടു ഘടക ക്ഷേത്രങ്ങളെന്നിവയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി പൂരം നിയന്ത്രിക്കണമെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള വടക്കുന്നാഥനില്‍ നടക്കുന്ന പൂരത്തിന്‍റെ നിയന്ത്രണം പിടിക്കാനുള്ള നീക്കം നേരത്തെയും ദേവസ്വം ബോര്‍ഡ് നടത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് ഉന്നതാധികാര സമിതി.
കഴിഞ്ഞ പൂരം ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ തിരുവമ്പാടി വഴിയൊരുക്കിയെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് അഭിപ്രായമുണ്ട്. പൂരത്തിന്‍റെ നിയന്ത്രണം ദേവസ്വങ്ങളില്‍ നിന്ന് എടുത്തുമാറ്റിയാല്‍ അവരെ വരുതിക്ക് നിര്‍ത്താമെന്നും ബോര്‍ഡ് കണക്കു കൂട്ടുന്നു. ദേവസ്വം ബോര്‍ഡിന്‍റെ നീക്കത്തെ തട്ടകത്തിലും കോടതിയിലും പ്രതിരോധിക്കാന്‍ ദേവസ്വങ്ങളും ഉറപ്പിച്ചതോടെ പോരിനിയും നീളുമെന്ന് ഉറപ്പായി.