'പറഞ്ഞത് കേന്ദ്രക്കമ്മിറ്റി പ്രമേയത്തിലുള്ള കാര്യങ്ങൾ'; തെരഞ്ഞെടുപ്പ് തോൽവിയിലെ പ്രതികരണത്തിൽ ഉറച്ച് തോമസ് ഐസക്

  1. Home
  2. Kerala

'പറഞ്ഞത് കേന്ദ്രക്കമ്മിറ്റി പ്രമേയത്തിലുള്ള കാര്യങ്ങൾ'; തെരഞ്ഞെടുപ്പ് തോൽവിയിലെ പ്രതികരണത്തിൽ ഉറച്ച് തോമസ് ഐസക്

thomas-issac


നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് നടത്തിയ രൂക്ഷവിമർശനത്തിൽ പൂർണമായും ഉറച്ചുനിൽക്കുന്നതായി സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്. പാർട്ടി കേന്ദ്രക്കമ്മിറ്റി അംഗീകരിച്ച ഇലക്ഷൻ റിവ്യൂ രേഖയിലുള്ള കാര്യങ്ങൾ മാത്രമാണ് താൻ വ്യക്തമാക്കിയതെന്നും, അതിനെ അനാവശ്യ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂർ നീണ്ട സംവാദത്തിൽ പാർട്ടി രേഖ വിശദീകരിക്കാൻ അഞ്ച് മിനിറ്റ് മാത്രമാണ് എടുത്തതെന്നും താൻ പറയാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എം സംസ്ഥാന കമ്മിറ്റിയും കേന്ദ്രക്കമ്മിറ്റിയും തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പാർട്ടിയിലുടനീളം നടത്തിയ ചർച്ചകൾക്ക് ശേഷം രണ്ട് പ്രധാന രേഖകൾ അംഗീകരിച്ചിട്ടുണ്ട്. അതിൽ പറയാത്ത ഒരു കാര്യവും താൻ ഉന്നയിച്ചിട്ടില്ല. തോൽവിയുടെ ഉത്തരവാദിത്തം ജനങ്ങൾക്കാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, പറയേണ്ട കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞുകഴിഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ആലപ്പുഴ വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപന സമ്മേളനത്തിലായിരുന്നു തോമസ് ഐസക് പാർട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ചത്. തുടർച്ചയായി 10 വർഷം ഭരണത്തിലിരുന്നപ്പോൾ ചില പ്രവർത്തകർക്ക് അഹങ്കാരം കൂടിയെന്നും, പാർട്ടി തീരുമാനിച്ചാൽ ആരു ചോദിക്കാൻ എന്ന ഭാവമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചിരുന്നു. സഹകരണ ബാങ്കുകളിലെ അഴിമതികൾ തിരിച്ചടിയായെന്നും, ജനങ്ങൾക്ക് മുന്നിൽ വിനയത്തോടെ നിൽക്കാൻ പാർട്ടി തയാറാകണമെന്നും മുൻ ധനമന്ത്രി ഓർമിപ്പിച്ചിരുന്നു.