തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പത്തുദിവസം പ്രായമുള്ള പെൺകുഞ്ഞ്
അന്താരാഷ്ട്ര നഴ്സിങ് ദിനത്തിന്റെ തലേന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ഒരു കുഞ്ഞുമാലാഖ കൂടി എത്തി. പത്തുദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് തിങ്കളാഴ്ച വൈകീട്ട് 6.15-ഓടെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. ആധുനിക നഴ്സിങിന്റെ മാതാവ് ഫ്ലോറൻസ് നൈറ്റിംഗേലിന്റെ സ്മരണാർത്ഥം കുഞ്ഞിന് 'നൈല' എന്ന് പേരിട്ടതായി സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു.
അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങിയുടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ജീവനക്കാരും ചേർന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ 2.64 കിലോ ഭാരമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ അമ്മത്തൊട്ടിലുകൾ വഴി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലെത്തുന്ന 104-ാമത്തെ കുരുന്നാണ് നൈല.
2023 മെയ് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം തിരുവനന്തപുരം അമ്മത്തൊട്ടിലിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ (63 പേർ) എത്തിയത്. ഇക്കാലയളവിൽ തന്നെ 226 കുട്ടികളെ ദത്ത് നൽകാനും സമിതിക്ക് സാധിച്ചു. ഇതിൽ 199 കുട്ടികൾ സ്വദേശത്തും 27 പേർ വിദേശത്തുമാണ് പുതിയ മാതാപിതാക്കളെ കണ്ടെത്തിയത്. ഇറ്റലിയിലേക്കാണ് വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ (10 പേർ) ദത്ത് പോയത്. നിലവിൽ നൈലയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ, അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ഉടൻ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
