പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി തിരുവനന്തപുരം വിമാനത്താവളം; നാളെ മുതൽ ആരംഭിക്കുന്നത് നാല് രാജ്യാന്തര വിമാന സർവ്വീസുകൾ
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി തിരുവനന്തപുരം വിമാനത്താവളം. മൂന്നു രാജ്യാന്തര സര്‍വീസുകളാണ് തുടങ്ങുന്നത്. അബുദാബിയിലേക്ക് ഇതിഹാദ് എയര്‍ലൈന്‍സും മസ്‌കറ്റിലേക്ക് സലാം എയറും ക്വാലലംപൂരിലേക്ക് എയര്‍ ഏഷ്യയുമാണ് സര്‍വീസ് തുടങ്ങുന്നത്. അബുദാബിയിലേക്കുള്ള ഇതിഹാദിന്റെ പ്രതിദിന സര്‍വീസ് ഇന്ന് രാവിലെ തുടങ്ങും. സലാം എയറിന്റെ സര്‍വീസ് ജനുവരി 3 മുതലാണ് തുടങ്ങുക. തുടക്കത്തില്‍ ബുധന്‍, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്.
ഈ റൂട്ടില്‍ നിലവില്‍ ഒമാന്‍ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ ഏഷ്യ സര്‍വീസ് ഫെബ്രുവരി 21 മുതലാണ് തുടങ്ങുക. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ഈ റൂട്ടില്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസുമുണ്ട്. അതേസമയം, ഇന്ത്യയില്‍ നിന്ന് പുതുവത്സരത്തില്‍ ആദ്യ അന്താരാഷ്ട്ര വിമാനം പുറപ്പെടുന്ന തിരുവനന്തപുരത്തു നിന്നാണെന്ന് സിറിയം റിപ്പോര്‍ട്ടില്‍ പറയുന്നു.
മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് നവംബര്‍ ഒമ്പത് മുതലാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ പുതിയ സര്‍വീസ് ആരംഭിച്ചത്. ബോയിങ് 737-800 വിമാനമാണ് സര്‍വീസ് നടത്തുന്നത്. ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 174 സീറ്റുകളാണ് ഉള്ളത്. ആദ്യം ഞായര്‍, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വീസ്. ഇതാദ്യമായാണ് മലേഷ്യ എയര്‍ലൈന്‍സ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുന്നത്. രാത്രി 11 മണിക്ക് എത്തുന്ന വിമാനം അര്‍ദ്ധരാത്രി 12.1ന് തിരിച്ചുപോകും.