തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം: ബിജെപി പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ ഒരു ബിജെപി പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ. ആറാലുമ്മൂട് സ്വദേശി അഖിലിനെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ നിലവിൽ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. പ്രകോപനമില്ലാതെ ബിജെപി ആക്രമണം അഴിച്ചുവിടുകയാണെന്ന് ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ കുറ്റപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡിസിസി ഓഫീസ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
