തിരുവനന്തപുരം മെഡി. കോളേജിലെ ട്രോമ കെയർ ഇനി സെന്റര്‍ ഓഫ് എക്‌സലന്‍സ്; രാജ്യത്തെ 8 ആരോഗ്യ സ്ഥാപനങ്ങൾക്ക് അം​ഗീകാരം

  1. Home
  2. Kerala

തിരുവനന്തപുരം മെഡി. കോളേജിലെ ട്രോമ കെയർ ഇനി സെന്റര്‍ ഓഫ് എക്‌സലന്‍സ്; രാജ്യത്തെ 8 ആരോഗ്യ സ്ഥാപനങ്ങൾക്ക് അം​ഗീകാരം

Thiruvananthapuram medical college


 


സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേണ്‍സ് ചികിത്സയുടേയും സെന്റര്‍ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. പരിക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്‌മെന്റിനുമുള്ള ദേശീയ പരിപാടിയുടെ (NPPMT&BI) ഭാഗമായാണ് രാജ്യത്തെ 8 പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളെ സെന്റര്‍ ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തത്. 


ട്രോമ, ബേണ്‍സ് പരിചരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ച സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയിലാണ് കേരളം ഇടം പിടിച്ചിരിക്കുന്നത്. ഡല്‍ഹി എയിംസ്, ഡല്‍ഹി സഫ്ദര്‍ജംഗ്, പുതുച്ചേരി ജിപ്മര്‍, പിജിഐ ചണ്ടിഗഢ് തുടങ്ങിയ രാജ്യത്തെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജും ഉള്‍പ്പെട്ടത്. സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രകാരം ഓരോ വര്‍ഷവും രണ്ടു കോടി രൂപ വീതം മെഡിക്കല്‍ കോളേജിന് ലഭിക്കും. 2024-25 വര്‍ഷത്തില്‍ 2 കോടിയും 2025-26 വര്‍ഷത്തില്‍ 2 കോടിയും ഉള്‍പ്പെടെ 4 കോടി രൂപ ലഭ്യമാകുന്നതാണ്.

സംസ്ഥാനത്തെ ട്രോമ, ബേണ്‍സ് ചികിത്സാ സംവിധാനങ്ങള്‍ വിപുലപ്പെടുത്താന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലൂടെ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എമര്‍ജന്‍സി കെയറിന്റേയും ബേണ്‍സ് കെയറിന്റേയും സ്റ്റേറ്റ് അപെക്‌സ് സെന്ററായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കും. പരിശീലനം, സ്‌കില്‍ ഡെവലപ്‌മെന്റ്, ഗവേഷണം, നൂതനാശയങ്ങള്‍, സാങ്കേതികവിദ്യ, നവീന രീതികള്‍ പിന്തുടരല്‍, അവബോധം, ഉപകരണങ്ങള്‍ എന്നിവയ്ക്കായിരിക്കും സെന്റര്‍ ഓഫ് എക്‌സലന്‍സ് തുക വിനിയോഗിക്കുക. സംസ്ഥാനത്ത് സമഗ്ര എമര്‍ജന്‍സി & ട്രോമകെയര്‍ സംവിധാനത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായിരിക്കുമിതെന്നും മന്ത്രി വ്യക്തമാക്കി.