തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസം ഡ്രസ്സിംഗ് ചെയ്തില്ല. മുറിവ് അഴിച്ച് നോക്കിയതുമില്ല. ഇതാണ് ഇൻഫക്ഷൻ ഉണ്ടാകാൻ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓർത്തോ വിഭാഗം 54 യൂണിറ്റിലാണ് ശസ്ത്രക്രിയ നടന്നത്. യൂണിറ്റ് ചീഫായ ഡോക്ടർ കിഷോറിന്റെ നേതൃത്വത്തിൽ ആയിരുന്നു ശസ്ത്രക്രിയ. എസ് ഫോർ യൂണിറ്റിലെ മുഴുവൻ ഡോക്ടർമാരെയും പിജെ വിദ്യാർത്ഥികൾ വിശദമായ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.സംഭവം പുറത്തുവന്നതിന് പിന്നാലെ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ ആരോഗ്യമന്ത്രി നിയോഗിച്ചിരുന്നു. മെഡിക്കൽ കോളജിലെ വൈസ് പ്രിൻസിപ്പൽ, സർജറി-ഓർത്തോ വിഭാഗം മേധാവികൾ എന്നിവരാണ് സമിതിയിൽ ഉള്ളത്.
പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനാണ് ദുരനുഭവമുണ്ടായത്. കഴിഞ്ഞമാസം 28ന് രാജേന്ദ്ര പ്രസാദ് ബൈക്ക് അപകടത്തിൽ കാലിന് പരുക്കേറ്റാണ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയത്. കാലിൽ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു. ഐസിയുവിൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കാലിൽ പുഴുവരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്. അധികൃതകരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. 28ന് രാത്രി 11 മണിക്കാണ് ശാസ്ത്രക്രിയ നടത്തിയത്. അഞ്ച് ദിവസമായി ഐസിയുവിലായിരുന്നു. തിരികെ വാർഡിലേക്ക് എത്തിച്ചപ്പോഴാണ് ശസ്ത്രക്രിയ കഴിഞ്ഞ കാലിൽ പുഴുവരിച്ച നിലയിൽ കണ്ടത്.
