'ഇത് പിണറായി വിജയന്റേതുപോലെ വിധേയരുടെ മന്ത്രിസഭയല്ല, പല കാര്യങ്ങളിലും തർക്കമുണ്ടായി, അത് അഭിമാനത്തോടെ അംഗീകരിക്കുന്നു'; വി.ഡി. സതീശൻ
മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ വിമർശനങ്ങൾ ഉയർത്തിയെന്ന മാധ്യമ വാർത്തകളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭയിൽ യാതൊരുവിധ ഭിന്നതയുമില്ലെന്നും കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാബിനറ്റിൽ പല വിഷയങ്ങളിലും വിശദമായ ചർച്ചകളും തർക്കങ്ങളും ഉണ്ടായിട്ടുണ്ടെന്നും അത് അഭിമാനത്തോടെ അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ എൽഡിഎഫ് സർക്കാരിനെ വിമർശിച്ചുകൊണ്ടായിരുന്നു സതീശന്റെ പ്രതികരണം. "ഇത് പിണറായി വിജയന്റേതുപോലെ വിധേയരുടെ മന്ത്രിസഭയല്ല. പോക്കറ്റിൽനിന്ന് കടലാസ് എടുത്ത് നൽകുമ്പോൾ അതേപടി അംഗീകരിക്കുന്ന രീതിയല്ല ഇവിടെ. ഇത് ടീം യുഡിഎഫാണ്. മന്ത്രിമാർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്," അദ്ദേഹം വ്യക്തമാക്കി. അനിൽകുമാറിന് അഭിപ്രായ വ്യത്യാസമുണ്ടാകാമെന്നും, വ്യത്യസ്തമായ അഭിപ്രായങ്ങൾ പറയുന്നത് കേൾക്കുകയാണ് തന്റെ രീതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും ജൂനിയറായ ജനീഷ് വരെ തന്റെ മുഖത്തുനോക്കി അഭിപ്രായം പറയുമെന്നും അപ്പോഴാണ് നല്ല നിർദേശങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. "രാവിലെ തന്നെ ഇരുമ്പുലക്കയും പിടിച്ചുകൊണ്ട് വരേണ്ടതില്ല. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കും, അത് ഞാൻ ആസ്വദിക്കും. ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ട് പോയിരുന്നെങ്കിൽ ഈ സംവിധാനം എന്നേ തകർന്നുപോയേനെ," മുഖ്യമന്ത്രി വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ ബില്ലിനെക്കുറിച്ച് ഒരു മണിക്കൂറോളം മന്ത്രിസഭയിൽ ചർച്ച നടന്നതായി മുഖ്യമന്ത്രി അറിയിച്ചു. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുകയും ചിലർ തമ്മിൽ തർക്കിക്കുകയും ചെയ്ത ശേഷം, ആവശ്യമായ മാറ്റങ്ങൾ വരുത്തി അന്തിമ തീരുമാനമെടുക്കാൻ തന്നെ ചുമതലപ്പെടുത്തുകയായിരുന്നു.
എൽപിഎസ്ടി (LPST) ഉദ്യോഗാർത്ഥികളുടെ സമരത്തെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു. ഇതിൽ തർക്കങ്ങളല്ല, മറിച്ച് ക്രിയാത്മകമായ നിർദേശങ്ങളാണ് ഉയർന്നത്. സമരം ചെയ്യുന്നവരുടെ ആരോഗ്യസ്ഥിതിയിലാണ് സർക്കാരിന് ആശങ്കയുള്ളതെന്നും ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ ദേവസ്വം നിയമനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതവും പച്ചക്കള്ളവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ കേന്ദ്രങ്ങൾ വഴിയാണ് ഇത്തരം വാർത്തകൾ വരുന്നത്. ദേവസ്വത്തിലെ നിയമന ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നല്ല, മറിച്ച് ദേവസ്വം വകുപ്പിൽ നിന്നാണ് വരുന്നത്. ഫയലിൽ ഒപ്പിടേണ്ട മന്ത്രിമാർ സ്ഥലത്തില്ലാതിരുന്നതുകൊണ്ട് മാത്രമാണ് അല്പം വൈകിയത്. മന്ത്രിസഭാ യോഗത്തിന് മുമ്പ് തന്നെ എല്ലാ ഹിന്ദു മന്ത്രിമാരും ഫയലിൽ ഒപ്പിട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ യാതൊരു തർക്കവും ഉണ്ടായിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
