തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് കനത്ത തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി
തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന മുൻ മന്ത്രി ആന്റണി രാജുവിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം പരമോന്നത കോടതിയെ സമീപിച്ചത്. എന്നാൽ, ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല. സുപ്രിംകോടതിയുടെ ഈ നീക്കം ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തിയ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്നാണ് കേസ്. അന്ന് ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിൽ നിന്ന് ഒപ്പിട്ടുവാങ്ങിയ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തയ്ച്ച് വലിപ്പം കുറച്ച് പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി മാറ്റിയെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. കേസിൽ ആന്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതേത്തുടർന്ന് എംഎൽഎ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു.
കേസിൽ തനിക്ക് നേരിട്ട് ബന്ധമില്ലെന്നും തൊണ്ടിമുതൽ കൈകാര്യം ചെയ്തതിൽ പിഴവ് പറ്റിയിട്ടില്ലെന്നുമായിരുന്നു ആന്റണി രാജുവിന്റെ വാദം. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളുകയായിരുന്നു. ശിക്ഷാവിധി നിലനിൽക്കുന്നതോടെ ആന്റണി രാജുവിന് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനും ആറ് വർഷത്തെ വിലക്കുണ്ടാകും. സുപ്രിംകോടതിയിൽ നിന്നുകൂടി തിരിച്ചടി നേരിട്ടതോടെ രാഷ്ട്രീയ രംഗത്ത് വലിയ പ്രതിസന്ധിയിലാണ് അദ്ദേഹം.
