ലഹരിക്കേസുകളിൽ ഇടപെടുന്നവർ എത്ര ഉന്നതരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരും: മുഖ്യമന്ത്രി വി.ഡി സതീശൻ
ലഹരിക്കേസുകളിൽ ഇടപെടുന്നവർ എത്ര ഉന്നതരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ലഹരി മുക്ത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവും വ്യക്തമാക്കി.
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി ശക്തമായ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് മയക്കുമരുന്ന് വിരുദ്ധ റാലി സംഘടിപ്പിച്ചത്. എക്സൈസ് വകുപ്പിന്റെ 'വിമുക്തി മിഷനും' നടൻ മോഹൻലാലിന്റെ 'വിശ്വശാന്തി ഫൗണ്ടേഷനും' സംയുക്തമായാണ് റാലി ഒരുക്കിയത്. മുഖ്യമന്ത്രി വി.ഡി സതീശൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിയെന്ന് എക്സൈസ് മന്ത്രി എം. ലിജു പറഞ്ഞു. കനത്ത മഴയെയും അവഗണിച്ച് വിദ്യാർത്ഥികളടക്കം നൂറുകണക്കിന് ആളുകളാണ് റാലിയിൽ പങ്കാളികളായത്.
