പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് കവർച്ച നടത്തിയ സംഭവം; മൂന്ന് പേർ അറസ്റ്റിൽ
പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് ഉടുമുണ്ടുകൊണ്ട് വരിഞ്ഞ് കവർച്ച നടത്തിയ സംഘം മലപ്പുറത്ത്
പിടിയിലായി. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പടെ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മുക്കം മാങ്ങാപ്പൊയില്‍ പെട്രോള്‍ പമ്പില്‍ സിനിമാ സ്റ്റൈല്‍ മോഷണം.
പുലര്‍ച്ചെ രണ്ടരയോടെ പെട്രോള്‍ അടിക്കാനെന്ന വ്യാജേന പമ്പിലെത്തിയ മൂന്ന് പേര്‍ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. രണ്ട് ജീവനക്കാര്‍ മാത്രമായിരുന്നു സംഭവസമയം പമ്പില്‍ ഉണ്ടായിരുന്നത്. മുളക് പൊടി വിതറിയും മുണ്ട് ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയുമാണ് സംഘം അയ്യായിരത്തോളം രൂപയുമായി കടന്ന് കളഞ്ഞത്. സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി സാബിത്തലി, അനൂപ് എന്നീ യുവാക്കളും പ്രായപൂര്‍ത്തിയാകാത്ത ഒരാളും പിടിയിലായത്. വയനാട് സ്വദേശിയായ ഒരാള്‍ കൂടി സംഭവത്തില്‍ പിടിയിലാകാനുണ്ട്.